ബംഗ്ലാദേശിൽ ദുർഗാ പൂജാ ആഘോഷങ്ങൾക്ക് ഭീഷണി
Saturday 05 October 2024 7:54 AM IST
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു വിഭാഗത്തിന്റെ ദുർഗാ പൂജാ ആഘോഷങ്ങൾക്കെതിരെ വ്യാപക ഭീഷണി. 5 ലക്ഷം രൂപ നികുതി അടച്ചാൽ മാത്രമേ ആഘോഷം അനുവദിക്കൂ എന്ന് കാട്ടിയുള്ള അജ്ഞാത സന്ദേശങ്ങൾ നിരവധി ക്ഷേത്രങ്ങളിൽ ഇതിനോടകം ലഭിച്ചു. ആക്രമണ ഭീഷണി ഭയന്ന് ഇക്കൊല്ലത്തെ ആഘോഷങ്ങൾ ഉപേക്ഷിക്കാനും ചില ഹിന്ദു ഗ്രൂപ്പുകൾ തീരുമാനിച്ചു. ദുർഗാ വിഗ്രഹങ്ങൾ ആക്രമിക്കപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. ദുർഗാ പൂജക്കെതിരെ ഓൺലൈൻ വീഡിയോകൾ പ്രചരിക്കുന്നുണ്ടെങ്കിലും ആധികാരികത വ്യക്തമല്ല.
ആഗസ്റ്റിൽ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ ബംഗ്ലാദേശിൽ ഹൈന്ദവ സമൂഹത്തിനെതിരെ ആക്രമണം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് ഉറപ്പ് നൽകിയിരുന്നു.