ജമ്മുകാശ്മീരിലെ കുപ്‌വാരയിൽ സംഘർഷം,​ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം

Saturday 05 October 2024 10:27 AM IST

ശ്രീനഗർ: ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയിൽ നടന്ന ഏ​റ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ഇന്ന് പുലർച്ചയോടെയായിരുന്നു ഏ​റ്റുമുട്ടൽ. ഓപ്പറേഷൻ ഗുഗൽധാറിന്റെ ഭാഗമായി നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റമുട്ടലുണ്ടായത്. കുപ്‌വാരയിൽ സംശയാസ്പദമായി ഭീകരസാന്നിദ്ധ്യം കണ്ടതിനെ തുടർന്ന് സൈന്യം മുന്നറിയിപ്പ് നൽകുകയും ഒടുവിൽ വെടിയുതിർക്കുകയുമായിരുന്നു.

ജില്ലയിലെ ഗുഗൽധാർ മേഖലയിൽ ഭീകരർ നുഴഞ്ഞുകയറുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സൈന്യവും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലായിരുന്നു ഇത്. മേഖലയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം കുപ്‌വാരയുടെ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ബോംബ് സ്‌ഫോടനത്തിൽ രണ്ട് സൈനികർക്ക് പരിക്കേ​റ്റു. ഇവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സൈനികരുടെ ആരോഗ്യനില തൃപ്തികരമാണ്.

അടുത്തിടെ ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. രണ്ട് ഭീകരരെയും സുരക്ഷാസേന വധിച്ചു. പൊലീസ് സേനയിലെ ഹെഡ്കോൺസ്റ്റബിളായ ബഷീർ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഒരു സബ് ഇൻസ്‌പെക്ടർക്ക് പരുക്കേറ്റിരുന്നു. കത്വ ജില്ലയിലെ കോഗ്– മണ്ഡലി ഗ്രാമത്തിൽ വച്ചായിരുന്നു ഏറ്റുമുട്ടൽ. ഗ്രാമത്തിലെ ഒരു വീടിനുള്ളിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് സേന മേഖലയിൽ എത്തിയത്. തുടർന്ന് ഭീകരരും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പുണ്ടാകുകയായിരുന്നു.