ഇൻഡിഗോ വിമാന കമ്പനിയുടെ സോഫ്റ്റ്‌വെയർ തകരാറിൽ; വിമാനത്താവളങ്ങളിൽ നീണ്ട ക്യൂ

Saturday 05 October 2024 3:09 PM IST

ന്യൂഡൽഹി: ഇൻഡിഗോ വിമാന കമ്പനിയുടെ സോഫ്റ്റ്‌വെയർ തകരാറിൽ. രാജ്യത്തുടനീളമുള്ള പ്രവർത്തനങ്ങളെ ഇത് കാര്യമായി ബാധിച്ചു. സോഫ്റ്റ്‌വെയർ തകരാറുമൂലം ചെക്ക് ഇൻ ചെയ്യുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ മന്ദഗതിയിലായി. ഇതുകാരണം വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ നീണ്ട ക്യൂ ഉണ്ടായതായാണ് റിപ്പോർട്ട്.

സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് എയർലൈൻ അറിയിച്ചു. 'സാങ്കേതിക തകരാറ് വെബ്‌സൈറ്റിനെയും ബുക്കിംഗ് സിസ്റ്റത്തെയും ബാധിക്കുന്നുണ്ട്. ഇതുമൂലം യാത്രക്കാരുടെ ചെക്ക്ഇന്നുകൾ മന്ദഗതിയിലായി. ഇത് വിമാനത്താവളങ്ങളിൽ നീണ്ട ക്യൂവിന് കാരണമായി.'- ഇൻഡിഗോ എയർലൈൻ പ്രസ്താവനയിലൂടെ അറിയിച്ചു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ബുക്കിംഗ് സംവിധാനത്തിൽ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടത്. ഒരു മണിക്ക് ശേഷം പ്രവർത്തനങ്ങൾ പുനരാരംഭിക്കാനായെങ്കിലും ഇപ്പോഴും പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ല. പ്രശ്നങ്ങൾ പരിഹരിക്കാനും ഉപയോക്താക്കൾക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും തങ്ങളുടെ ടീം പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.

അതേസമയം, ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് അറിയിച്ചുകൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.