സിദ്ധാർത്ഥിന്റെ 22 സാധനങ്ങൾ കാണാനില്ല; പരാതിയുമായി ബന്ധുക്കൾ

Saturday 05 October 2024 4:44 PM IST

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ സാധനങ്ങൾ കാണാതായതായി പരാതി. ഹോസ്റ്റൽ മുറിയിൽ നിന്ന് സിദ്ധാർത്ഥിന്റെ കണ്ണടയും പുസ്‌തകങ്ങളും ഉൾപ്പടെ ഇരുപത്തിരണ്ട് സാധനങ്ങൾ കാണാതായെന്നാണ് പരാതി.

സാധനങ്ങളെടുക്കാൻ ഹോസ്റ്റൽ മുറിയിൽ സിദ്ധാർത്ഥിന്റെ ബന്ധുക്കളെത്തിയിരുന്നു. പല സാധനങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നെന്നും കുറേ സാധനങ്ങൾ കാണാനില്ലെന്നും ബന്ധുക്കൾ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോളേജ് അധികൃതർക്കും ബന്ധുക്കൾക്കും പരാതി നൽകിയിട്ടുണ്ട്. സാധനങ്ങൾ പൊലീസോ സി ബി ഐയോ കൊണ്ടുപോയതായിരിക്കാമെന്നാണ് ബന്ധുക്കൾ പറയുന്നത്.

രണ്ടാം വർഷ ബി വി എസ്‌ പി വിദ്യാർത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാർത്ഥ് ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും നേരിട്ടാണ് മരിച്ചതെന്ന് ആരോപണമുയർന്നിരുന്നു. ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കോളേജിലെ പെൺകുട്ടിയോട്‌ മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാർത്ഥിനെ ഒരു സംഘം വിദ്യാർത്ഥികൾ ഹോസ്റ്റലിലും കോളേജിന് പിന്നിലെ കുന്നിൻ മുകളിലുമായി മൂന്ന് ദിവസം തുടർച്ചയായി മർദിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ.

150 ഓളം വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ചാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത്. ഭക്ഷണം പോലും നൽകിയില്ലെന്നും ആരോപണമുണ്ട്. വീട്ടിലേക്കുപോകാൻ എറണാകുളം വരെ എത്തിയ സിദ്ധാർത്ഥിനെ തിരിച്ചുവിളിച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. ഇതിനുപിന്നാലെയാണ് യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. കേസ് ഇപ്പോൾ സി ബി ഐ ആണ് അന്വേഷിക്കുന്നത്.