അൻവറിന്റെ അപ്രതീക്ഷിത നീക്കം, ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി ചർച്ചകൾ നടത്തി

Saturday 05 October 2024 4:56 PM IST

മലപ്പുറം: ഇടതുപക്ഷവുമായി ഇടഞ്ഞതിന് പിന്നാലെ പുറത്തുപോയ പിവി അൻവർ എംഎൽഎ ഡിഎംകെയിലേക്കെന്ന് സൂചന. ചെന്നൈയിലെത്തിയ അൻവർ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ശനിയാഴ്ച പുലർച്ചെയാണ് അൻവർ മഞ്ചേരിയിലെ വീട്ടിൽ നിന്ന് ചെന്നൈയിലെത്തിയത്.

പുതിയ പാർട്ടി രൂപീകരിച്ച് ഡിഎംകെയുമായി സഹകരിച്ച് ഇന്ത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച വൈകീട്ട് വിളിച്ചുചേർത്തിരിക്കുന്ന പൊതുയോഗത്തിൽ നിർണായക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ. സിപിഎമ്മിനോടും പിണറായി വിജയനോടും ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന എംകെ സ്റ്റാലിന്റെ നേതൃത്വത്തിലേക്കുള്ള അൻവറിന്റെ പ്രവേശനം രാഷ്ട്രീയ ലോകത്ത് ചർച്ചയായിട്ടുണ്ട്.