പെരുകുന്ന തട്ടിപ്പുകൾ

Sunday 06 October 2024 3:48 AM IST

പല തട്ടിപ്പുകൾക്കും തടയിടാൻ സാങ്കേതികവിദ്യയ്ക്ക് കഴിയും. എന്നാൽ അതേ സാങ്കേതികവിദ്യ ഉപയോഗിച്ച് പല തട്ടിപ്പുകളും നടത്താനും കഴിയുമെന്നതാണ് വിരോധാഭാസം.

പല രീതിയിലുള്ള തട്ടിപ്പുകളാണ് സൈബർ രംഗത്ത് നിലനിൽക്കുന്നത്. അമിത ലാഭത്തോടുള്ള മനുഷ്യന്റെ ആർത്തി മുതലെടുത്ത് നടത്തുന്ന തട്ടിപ്പുകൾ മുതൽ സി.ബി.ഐയുടെയും ആദായ നികുതി വകുപ്പിന്റെയും പേരു പറഞ്ഞും തട്ടിപ്പുകൾ നടക്കുന്നു.

നമുക്ക് പരിചയമില്ലാത്ത ഒരാളും നമുക്ക് പണം തരാൻ പോകുന്നില്ല. അതിനാൽ പരിചയമില്ലാത്തവരുമായി ഒരിടപാടും ഫോണിലൂടെ നടത്തില്ല എന്ന ഒരു തീരുമാനം എടുത്താൽ തന്നെ ഈ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനാകും. പണം കൊടുത്ത് ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്കും എ.ടി.എം കാർഡും വരെ കൈക്കലാക്കി അതിലൂടെ തട്ടിപ്പ് നടത്തുന്നവരുമുണ്ട്. കേസ് വരുമ്പോൾ തട്ടിപ്പുകാരൻ ഒരിക്കലും കുടുങ്ങില്ല. പണം വാങ്ങി പാസ്‌ബുക്ക് കൈമാറിയ അന്യസംസ്ഥാന തൊഴിലാളികളെപ്പോലുള്ളവരാകും അറസ്റ്റിലാവുക.

സോഷ്യൽ മീഡിയയിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചും മുതലെടുപ്പ് നടത്തുന്ന സംഘങ്ങൾ നിരവധിയാണ്. ഇത്തരം ഒരു റാക്കറ്റിന്റെ ചെയ്ത‌ിയിൽ ആഗ്രയിൽ ഒരു അമ്മ ഹൃദയാഘാതം മൂലം മരണമടഞ്ഞ സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. മകൾ സെക്‌സ് റാക്കറ്റിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവരിൽ നിന്ന് പണം തട്ടാനാണ് തട്ടിപ്പുകാർ ശ്രമിച്ചത്. ആഗ്രയിലെ ഒരു സ്‌കൂളിൽ അദ്ധ്യാപികയായ മാലതിവർമ്മയെ തട്ടിപ്പുകാർ വിളിച്ച് മകളുടെ കാര്യങ്ങൾ പുറത്തുവന്നാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പറയുകയും വിവരം പുറത്താകാതിരിക്കാൻ ഒരുലക്ഷം രൂപ ആവശ്യപ്പെടുകയുമാണ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനെന്നു പറഞ്ഞാണ് തട്ടിപ്പുകാർ വിളിച്ചത്. മാലതി മകനെ വിളിച്ച് കാര്യം പറഞ്ഞു. നമ്പർ പരിശോധിച്ചപ്പോൾ ഇതു തട്ടിപ്പാണെന്ന് മകൻ സ്ഥിരീകരിച്ചെങ്കിലും മാനസിക സമ്മർദ്ദം താങ്ങാനാവാതെ നെഞ്ചുവേദന അനുഭവപ്പെട്ട മാലതിവർമ്മ ആശുപത്രിയിൽ ഹൃദയസ്‌തംഭനം മൂലം മരണമടയുകയാണുണ്ടായത്.

തട്ടിപ്പുകാർ പലപ്പോഴും വിശ്വാസ്യത തോന്നിക്കാൻ നമ്മുടെ സ്വകാര്യ വിവരങ്ങൾ വരെ അറിഞ്ഞുവച്ചിട്ടായിരിക്കും വിളിക്കുക. നമുക്ക് പരിചയമില്ലാത്ത നമ്പരുകളിൽ നിന്ന് ഒരു വിവരവും അതേപടി വിശ്വസിക്കാൻ ആരും തയ്യാറാകാതിരിക്കുകയാണ് വേണ്ടത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ കൈമാറരുതെന്ന് പല തവണ ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും അത് പാലിക്കാതിരിക്കുന്നവരാണ് പലപ്പോഴും തട്ടിപ്പിനിരയാവുന്നത്. അതുപോലെ നമ്മുടെ ഫോണിൽ വരുന്ന ഒ.ടി.പി നമ്പർ അപരിചിതർക്ക് ഒരു കാരണവശാലും കൈമാറാൻ പാടില്ല. ഇന്നത്തെ കാലത്ത് അക്കൗണ്ട് കാലിയാക്കാൻ നിമിഷങ്ങൾ മാത്രം മതി. കാണാമറയത്തിരുന്ന് തട്ടിപ്പ് നടത്താൻ കഴിയുമെന്നതാണ് ഈ തട്ടിപ്പുകൾ ഇത്രയും വ്യാപകമാകാനുള്ള കാരണം. ഇനി കേസായാൽ പോലും യഥാർത്ഥ പ്രതികളെ പിടികൂടുക പ്രയാസകരമാണ്.

ഓരോ ദിവസവും പുതിയ പുതിയ വിദ്യകളാണ് തട്ടിപ്പുകാർ പ്രയോഗിക്കുന്നത്. ഇസ്രയേലിൽ നിർമ്മിച്ച പ്രത്യേക ടൈം മെഷീൻ ഉപയോഗിച്ച് 40 വർഷം പ്രായം കുറയ്ക്കാമെന്ന് വാഗ്ദാനം നൽകി യു.പിയിൽ 35 കോടിയുടെ തട്ടിപ്പാണ് ദമ്പതികൾ നടത്തിയത്. ഒരു മെഷീനിൽ കയറിയാലും പ്രായം കുറയ്ക്കാനാകില്ലെന്ന് മിനിമം വിദ്യാഭ്യാസം നേടിയ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നിരുന്നാലും സാമാന്യബുദ്ധിക്ക് നിരക്കാത്ത ഇത്തരം തട്ടിപ്പുകളിൽ ഇരകളാകുന്നത് വിദ്യാഭ്യാസവും ഉയർന്ന ജോലിയും മറ്റും ഉള്ളവരാണെന്നതാണ് ഏറ്റവും ഖേദകരം. എന്തും പറഞ്ഞും ആളുകളെ പറ്റിക്കാമെന്ന ഒരു അവസ്ഥ നിലനിൽക്കുന്നുണ്ട്. അതാണ് മാറേണ്ടത്. പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ ഇത്തരം തട്ടിപ്പുകളെക്കുറിച്ചും അത് തടയുന്നതിനുള്ള മാർഗങ്ങളെപ്പറ്റിയും വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുന്നു.