അപകടമൊഴിയാതെ പൊൻമുടി വിതുര - തൊളിക്കോട് റോഡ്

Sunday 06 October 2024 1:56 AM IST

വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. പൊൻമുടി മുതൽ തൊളിക്കോട് വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടങ്ങളുണ്ടാകുന്നത്. കഴിഞ്ഞ ഞായറാഴ്ച പൊൻമുടി പാതയിൽ നടന്ന മൂന്ന് അപകടങ്ങളിലായി 5 പേർക്ക് പരിക്കേറ്രിരുന്നു. ഞായറാഴ്ചകളിലാണ് കൂടുതൽ അപകടങ്ങൾ നടക്കുന്നത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ അവധി ദിവസങ്ങളിൽ വാഹനപ്പെരുക്കം മൂലം ഗതാഗത തടസവും പതിവാണ്. വാഹനനിര പൊൻമുടി അപ്പർ സാനിറ്റോറിയം മുതൽ 4കിലോമീറ്റർ ദൂരെയുളള കുളച്ചിക്കര വരെ നീളും. ആയിരക്കണക്കിന് ടൂറിസ്റ്റുകളെത്തുന്ന ഇവിടെ റോഡ് നിയമങ്ങളും സുരക്ഷയും കാറ്റിൽപ്പറത്തുന്ന അവസ്ഥയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

അമിതവേഗം ആപത്ത്

പൊൻമുടി നെടുമങ്ങാട് റോഡിൽ ഇരുചക്രവാഹനങ്ങളും മറ്റും അമിതവേഗത്തിൽ പായുന്നതും വിനോദസഞ്ചാരികളെ ഇടിച്ചിടുന്നതും പതിവാണ്. വിതുര റോഡിലൂടെ ചീറിപ്പായുന്ന ബൈക്ക് റേസിംഗ് സംഘങ്ങളും വീഥികളെ ഭീതിയിലാക്കുന്നു. അമിതവേഗം നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും സ്ഥിരം തലവേദനയായി മാറിയിട്ടുണ്ട്. അനവധി അപകടങ്ങൾ നടന്നിട്ടും യാതൊരു സുരക്ഷാനടപടികളും സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. റോഡ് നിയമങ്ങൾ കടലാസിലൊതുങ്ങിയിട്ടും കാലങ്ങളേറെയായി.

നടപടികൾ സ്വീകരിക്കണം

പൊൻമുടി തൊളിക്കോട് റൂട്ടിൽ അപകടമരണങ്ങൾ പതിവായിട്ടും നടപടികളില്ല. അടുത്തിടെയുണ്ടായ അപകടങ്ങളിൽ മൂന്ന് പേർ മരിച്ചിരുന്നു. ചേന്നൻപാറ, തൊളിക്കോട്, മന്നൂർക്കോണം എന്നിവിടങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ചവരാണ് മരിച്ചത്. മാത്രമല്ല ഒരുമാസത്തിനിടയിൽ പൊൻമുടി വിതുര റൂട്ടിൽ 31ബൈക്ക് അപകടങ്ങളാണ് നടന്നത്. 52പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടങ്ങൾക്ക് തടയിടാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിതുര, പൊൻമുടി പൊലീസ് പറഞ്ഞു.

പ്രതികരണം

പൊൻമുടി വിതുര തൊളിക്കോട് നെടുമങ്ങാട് റോഡിൽ വർദ്ധിച്ചുവരുന്ന അപകടങ്ങൾക്ക് തടയിടണം. പൊലീസ് പരിശോധനകൾ കാര്യക്ഷമമാക്കണം.

ഫ്രാറ്റ് വിതുര മേഖലാ

കമ്മിറ്റി ഭാരവാഹികൾ

Advertisement
Advertisement