മുംബയിലെ ആദ്യ ഭൂഗർഭ മെട്രോ പാത തുറന്നു

Sunday 06 October 2024 12:25 AM IST

മുംബയ്: മുംബയ് നഗരത്തിലെ ആദ്യ ഭൂഗർഭ മെട്രോ ലൈനിൽ സർവീസ് തുടങ്ങി. പ്രമുഖ വാണിജ്യ കേന്ദ്രമായ ബാന്ദ്ര കുർള കോപ്ളക്സിൽ(ബി.കെ.സി) നിന്ന് ആരെ ജോഗേശ്വരി ലിങ്ക് റോഡ് വരെ നീളുന്ന ഭൂഗർപാതയിലെ ആദ്യ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്‌തു. തുടർന്ന് ബി.കെ.സിയിൽ നിന്ന് സാന്താക്രൂസ് വരെ അദ്ദേഹം യാത്ര ചെയ്‌തു.

കൊളാബ-ബാന്ദ്ര മെട്രോ ലൈൻ 3 ആദ്യഘട്ടത്തിന്റെ ഭാഗമായ അക്വാ ലൈനിലാണ് ഭൂഗർഭ പാത. പൂർണ്ണമായും ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന മെട്രോലൈൻ നഗരത്തിലെ ഗതാഗതകുരുക്കിന് ആശ്വാസമാകും. മുംബയ് നഗരത്തെ പശ്‌ചിമ ഭാഗവുമായി ബന്ധിപ്പിക്കുന്നതാണ് പാത. മുംബയ് വിമാനത്താവളത്തിന്റെ ഒന്നും രണ്ടും ടെർമിനലുകളിലെത്താം. മഹാരാഷ്ട്ര സർക്കാറിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന തുരങ്കപാതയുടെ നിർമ്മാണം തുടങ്ങിയത് 2017ൽ.

 സർവീസ് തുടങ്ങിയത് 12.44 കിലോമീറ്റർ പാതയിൽ.

 പത്തു സ്റ്റേഷനുകളിൽ 9ഉം ഭൂമിക്കടിയിൽ

 260 സർവീസുകൾ

 ആറര മിനിട്ട് ഇടവിട്ട് ട്രെയിൻ

 ഒരു ട്രെയിനിൽ 2000 യാത്രക്കാർ, ടിക്കറ്റ് നിരക്ക് 10-50രൂപ.

 സർവീസ് രാവിലെ ആറര മുതൽ രാത്രി പതിനൊന്നുമണി വരെ

 ആകെ ചെലവ് 14,120 കോടി(2025ൽ പൂർത്തിയാകേണ്ട മെട്രോ ലൈൻ 3 പദ്ധതിക്ക് ആകെ പ്രതീക്ഷിക്കുന്നത് 32,000 കോടി)

 ഭൂഗർഭ പാതയ്‌ക്കായി തുരന്നത് 56 കിലോമീറ്റർ

 ലൈൻ-3 പൂർത്തിയായാൽ പ്രതീക്ഷിക്കുന്നത് പ്രതിദിനം12 ലക്ഷം യാത്രക്കാർ