അമേഠി കൊലപാതകം: പ്രതി പിടിയിൽ

Sunday 06 October 2024 1:18 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ അമേഠിയിൽ നാലംഗ ദളിത് കുടുംബത്തെ വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതി ചന്ദൻ വർമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് വെടിവച്ച് കീഴ്‌പ്പെടുത്തി.

കൊല്ലപ്പെട്ട പൂനവുമായി ഒന്നരവർഷത്തോളമായി ബന്ധമുണ്ടായിരുന്നെന്നും ബന്ധം വഷളായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ചന്ദൻ വർമ മൊഴി നൽകി. തെളിവെടുപ്പിൽ പിസ്റ്റളും ഇയാൾ സഞ്ചരിച്ചിരുന്ന മോട്ടർ സൈക്കിളും പൊലീസ് കണ്ടെടുത്തു. ബുധനാഴ്ച രാത്രിയാണ് അമേഠിയിലെ സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ സുനിൽ കുമാറിനെയും ഭാര്യ പൂനം ഭാർതിയെയും രണ്ടു മക്കളെയും വെടിവച്ച് കൊലപ്പെടുത്തിയത്. വീട്ടിലെത്തിയ ഇയാൾ കുടുംബത്തെ വെടിവച്ച് കൊലപ്പെടുത്തി. തുടർന്ന് ഇയാൾ ആത്മഹത്യ ചെയ്യാൻ വെടിയുതിർത്തെങ്കിലും ഉന്നം തെറ്റിയതോടെ ബൈക്കിൽ രക്ഷപ്പെട്ടു. ചന്ദൻവർമ എന്നയാളിൽ നിന്ന് വധഭീഷണിയുണ്ടെന്ന് പൂനം പൊലീസിൽ പരാതി നൽകിയിരുന്നു. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ചന്ദൻ വർമയായിരിക്കും ഉത്തരവാദിയെന്ന് പൂനം പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടിക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് ചന്ദൻവർമ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും ഇതോടെ ഇയാളുടെ കാലിന് വെടിവയ്ക്കുകയും ചെയ്തു. അതേസമയം,​ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായിട്ടുണ്ട്.