ഒമ്പത് എടിഎം ട്രേകൾ, ചാക്കിൽ ഗ്യാസ് കട്ടറുകൾ; തൃശൂരിലെ എടിഎം കൊളളക്കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി

Sunday 06 October 2024 2:34 PM IST

തൃശൂർ: മൂന്ന് എടിഎമ്മുകൾ തകർത്ത് 69.43 ലക്ഷം കവർന്ന പ്രതികളുമായി തൃശൂരിൽ പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതികളായ ഇർഫാൻ (32), പൽവാൽ കുടവാലിയിൽ ഷാബിർ ഖാൻ (26), പൽവാൽ മല്ലൈയിൽ ഷൗക്കീൻഖാൻ (23), ലക്‌നാകറിൽ മുബാറക്ക് ( 18) നൂഹ് ബിസ്‌രുവിൽ മുഹമ്മദ് ഇക്രാം (42) എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. താണിക്കുടം പാലത്തിൽ നടത്തിയ തെരച്ചിലിൽ തൊണ്ടിമുതലുകളായ ഒമ്പത് എടിഎം ട്രേകൾ കണ്ടെടുത്തു. ഇത് എസ്ബിഐയുടേതാണെന്ന് എടിഎം കോഡിനേറ്റർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ചാക്കിൽ കെട്ടിയ നിലയിൽ ഗ്യാസ് കട്ടറുകളും കണ്ടെത്തി.

ആദ്യം ഷൊർണൂർ റോഡിലെ എടിഎമ്മിലാണ് തെളിവെടുപ്പ് നടന്നത്. കൗണ്ടറിനുളളിൽ കടന്ന് എടിഎം കട്ടർ ഉപയോഗിച്ച് മുറിച്ച ഷാബിർ ഖാനെയും സ്വകീൻ ഖാനെയും കൗണ്ടറിനുളളിലേക്ക് കയറ്റി തെളിവെടുത്തു. പുഴയിലേക്ക് ആയുധങ്ങളും എടിഎം ഭാഗങ്ങളും വലിച്ചെറിഞ്ഞുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് താണിക്കുടം പാലത്തിലേക്ക് പ്രതികളെ എത്തിച്ചത്. കൊള്ളയുടെ മുഖ്യ ആസൂത്രധാരൻ മുഹമ്മദ് ഇക്രത്തെ മാത്രമാണ് ഇവിടെ പൊലീസ് വാഹനത്തിൽ നിന്നും ഇറക്കിയത്. മുഹമ്മദ് ഇക്രം എടിഎം ട്രേ കളഞ്ഞ സ്ഥലം കാണിച്ചു നൽകി. പുഴയിൽ ഇറങ്ങി സ്കൂബ ടീം അംഗങ്ങളും പരിശോധന നടത്തുകയായിരുന്നു.

പ്രതികളെ തമിഴ്നാട്ടിലെ കോടതിയിൽ നിന്ന് പ്രൊഡക്ഷൻ വാറന്റിലൂടെയാണ് കേരളത്തിലെത്തിച്ചത്. ഇവിടെ നടന്ന മൂന്ന് എടിഎം കൊള്ളകളിൽ തൃശൂർ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത ഷൊർണൂർ റോഡിലെ എടിഎം കൊള്ളയിലാണ് പ്രതികളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

സെപ്തംബർ 27നാണ് ഇരിങ്ങാലക്കുട മാപ്രാണം, തൃശൂർ ഷൊർണൂർ റോഡ്, കോലഴി എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിൽ നിന്ന് പണം കവർന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് പൊലീസിന്റെ വെടിയേറ്റതിനെ തുടർന്ന് മുട്ടിന് താഴെ മുറിച്ചുമാറ്റിയ ഹരിയാന ബിസ്‌രുവിൽ അസർ അലി (30) സേലം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.