കർണാടകയിലെ പ്രമുഖ വ്യവസായിയെ കാണാനില്ല; ആഡംബര കാർ പാലത്തിന് സമീപം

Monday 07 October 2024 2:02 AM IST

മംഗളൂരു: കർണാടകയിലെ പ്രമുഖ വ്യവസായിയും രാഷ്ട്രീയ കുടുംബാംഗവുമായ മുംതാസ് അലിയെ കാണാനില്ലെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മംഗളൂരു പൊലീസ് തെരച്ചിൽ വ്യാപകമാക്കി. ജനതാദൾ സെക്കുലർ (എസ്) എം.എൽ.എ ബി.എം ഫാറൂഖിന്റെയും മുൻ കോൺഗ്രസ് എം.എൽ.എ മുഹിയുദ്ദീൻ ബാവയുടെയും സഹോദരനാണ്.

മുംതാസ് അലിയുടെ ആഡംബര കാർ മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. കാറിന്റെ മുൻഭാഗം തകർന്ന നിലയിലാണ്. നദിയിൽ ചാടിനുള്ള സാദ്ധ്യത കണക്കിലെടുത്ത് സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെയും തീരസംരക്ഷണ സേനയുടെയും നേതൃത്വതത്തിൽ തെരച്ചിൽ ആരംഭിച്ചു.

ഇന്നലെ പുലർച്ചെയാണ് കുളൂർ പാലത്തിന് സമീപം അലിയുടെ വാഹനം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. പുലർച്ചെ മൂന്നിന് വീട്ടിൽ നിന്നിറങ്ങിയ പോയ മുംതാസ് നഗരത്തിൽ പലയിടങ്ങളിലും സഞ്ചരിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് മണിയോടെയാണ് പാലത്തിന് സമീപം വാഹനം എത്തിയത്. തൊട്ടുപിന്നാലെ മുംതാസ് അലിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൾ പൊലീസിൽ പരാതി നൽകി. കാർ അപകടത്തിൽപ്പെട്ടതിന്റെ അടയാളങ്ങളുണ്ടെന്ന് മംഗളൂരു പൊലീസ് കമ്മിഷണർ അനുപം അഗ്രവാൾ അറിയിച്ചു. 52കാരനായ മുംതാസ് അലിക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്.