എക്‌സിറ്റ് പോൾ തള്ളി ബി.ജെ.പി; 'ഇന്ത്യ' സഖ്യം കരുനീക്കം തുടങ്ങി

Monday 07 October 2024 1:03 AM IST

ന്യൂഡൽഹി:ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും ജമ്മു കാശ്‌മീരിൽ 'ഇന്ത്യ' സഖ്യം നേട്ടമുണ്ടാക്കുമെന്നുമുള്ള എക്‌സിറ്റ് പോൾ സർവെ ഫലങ്ങളെ ബി.ജെ.പി തള്ളുമ്പോൾ, അധികാരത്തിലേക്കുള്ള കരുക്കൾ നീക്കുകയാണ് കോൺഗ്രസ്.

രണ്ടിടങ്ങളിലും മികച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി ഭരണത്തിലെത്തുമെന്നാണ് ദേശീയ സെക്രട്ടറി തരുൺ ചുഗ് അവകാശപ്പെടുന്നത്.

പത്തുവർഷത്തിന് ശേഷം ഹരിയാനയിൽ അധികാരത്തിൽ തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ ജനങ്ങൾ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ ഹൂഡ പ്രതികരിച്ചു. ബി.ജെ.പിയുടെ ഡബിൾ എൻജിൻ സർക്കാരുകൾ അവസാനിക്കാൻ പോകുകയാണെന്ന് ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

1.തലമുറ മാറ്റത്തിന് സമ്മർദ്ദം

ഹരിയാനയിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചാൽ ഭൂപീന്ദർ ഹൂഡ മുഖ്യമന്ത്രിയാകാനാണ് സാദ്ധ്യത കൂടുതലെങ്കിലും, തലമുറ മാറ്റമെന്ന ആവശ്യം സംസ്ഥാനത്തെ പാർട്ടിയിൽ ഉയരുന്നുണ്ട്. സിർസയിൽ നിന്നുള്ള ലോക്‌സഭാ അംഗം കുമാരി സെൽജയെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടതായാണ് സൂചന. രാജ്യസഭാ എം.പിയായ രൺദീപ് സുർജെവാലയുടെ പേരും അന്തരീക്ഷത്തിലുണ്ട്. അവകാശവാദമുന്നയിച്ചിട്ടില്ലെന്ന് കുമാരി സെൽജ പ്രതികരിച്ചു.

2.ജമ്മു കാശ്‌മീരിൽ

സാദ്ധ്യത ചികയുന്നു

ജമ്മു കാശ്‌മീരിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും അടങ്ങുന്ന 'ഇന്ത്യ' സഖ്യം മുന്നേറ്റമുണ്ടാക്കുമെന്ന് ചില എക്‌സിറ്റ് പോളുകൾ പറയുമ്പോൾ, തൂക്കുസഭയ്ക്കുള്ള സാദ്ധ്യതയാണ് മറ്റു പല സർവെ ഫലങ്ങളും സൂചിപ്പിക്കുന്നത്. ജമ്മു മേഖലയിൽ ബി.ജെ.പിയുടെ ആധിപത്യമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അവസാന നിമിഷം പി.ഡി.പി കിങ് മേക്കറായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. അടുത്ത സർക്കാർ പല്ലുകൊഴിഞ്ഞ സിംഹമായിരിക്കുമെന്നും മുഖ്യമന്ത്രി റബർ സ്റ്റാമ്പ് ആയിരിക്കുമെന്നും പി.ഡി.പി അദ്ധ്യക്ഷ മെഹ്ബൂബ മുഫ്‌തിയുടെ മകൾ ഇൽതിജ മുഫ്‌തി പ്രതികരിച്ചിട്ടുണ്ട്. ആർക്കും ഭൂരിപക്ഷമില്ലാതെ വരുന്ന സാഹചര്യമുണ്ടായാൽ ബി.ജെ.പിയുമായുള്ള പഴയ സഖ്യത്തിലേക്ക് പി.ഡി.പി തിരിച്ചുപോകുമോയെന്നതിലാണ് സസ്‌പെൻസ്. ബി.ജെ.പിക്കൊപ്പം പോകില്ലെന്ന് നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫാറൂഖ് അബ്‌ദുള്ള നിലപാട് അറിയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇന്നലെ യോഗംചേർന്ന് രാഷ്ട്രീയ സാഹചര്യം വിലയിരുത്തി.

Advertisement
Advertisement