നിർമ്മാണം നടക്കുന്ന സ്റ്റാർ ഹോട്ടലിൽ മോഷണം

Monday 07 October 2024 1:46 AM IST

മരട്: പൂണിത്തുറ മിനിബൈപ്പാസ് ജംഗ്ഷനിൽ നിർമ്മാണം നടക്കുന്ന 4 സ്റ്റാർ ഹോട്ടലിൽ മോഷണം. 8 സീലിംഗ് എസി ഉൾപ്പെടെ സാമഗ്രികൾ നഷ്ടപ്പെട്ടു. 25ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.

സാമ്പത്തിക പ്രതിസന്ധികാരണം നിർമ്മാണം തത്കാലം നിറുത്തിവച്ചിരുന്നത് മുതലെടുത്താണ് മോഷണം. കഴിഞ്ഞ 28ന് ഹോട്ടലിൽ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടതെന്ന് ഉടമ തൊടുപുഴ സ്വദേശി പോൾസൺ ജോസഫ് പറഞ്ഞു. അന്നുതന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. 20,000 ചതുരശ്രഅടി വിസ്തീർണത്തിൽ 5നില കെട്ടിടമാണ്. സ്റ്റാർ ഹോട്ടൽ ആയതിനാൽ അതിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചായിരുന്നു നിർമ്മാണം.

മുൻവശത്ത് ജംഗ്ഷനിൽ പകൽസമയം പൊലീസുള്ളതിനാൽ രാത്രിയായിരിക്കും മോഷണം നടന്നിട്ടുണ്ടാകുകയെന്നാണ് നിഗമനം. പിൻവശത്തെ എമർജൻസി വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയിട്ടുള്ളത്. എസി മോഷ്ടിക്കാനായി സീലിംഗെല്ലാം കുത്തിനശിപ്പിച്ചു. കംപ്യൂട്ടർ നിയന്ത്രിതതാഴുകൾ, 15,000രൂപ വിലവരുന്ന 2 വാതിലുകൾ, സി.സി ടിവി കേബിൾ, അനുബന്ധ ഉപകരണങ്ങൾ മുതലായവയാണ് നഷ്ടപ്പെട്ടത്.