ഭാര്യവീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെയും അമ്മയെയും ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

Monday 07 October 2024 1:53 AM IST

പത്തനംതിട്ട : പിണങ്ങി കഴിയുന്ന ഭാര്യയെ കാണാൻ അനുവദിക്കാത്തതിലുള്ള വിരോധം കാരണം വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെയും മാതാവിനെയും ദേഹോപദ്രവം ഏൽപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. അടൂർ പെരിങ്ങനാട് മേലൂട് പന്നിവേലിക്കൽ അനുരാജ് ഭവനം വീട്ടിൽ എ.ആർ അനിരാജ് (34) ആണ് അറസ്റ്റിലായത്. ഭാര്യ രാജിരാജ്, അമ്മ ലക്ഷ്മി എന്നിവർക്കാണ് മർദ്ദന മേറ്റത്. ഇരുവരും അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിലെത്തിയും ഇവരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 8ന് കുരമ്പാല സൗത്ത് മയിലാടും കുളത്തിലുള്ള ഭാര്യയുടെ വീട്ടിലെത്തി രാജിയെയും കുഞ്ഞിനെയും കാണണമെന്ന് ഭർത്താവ് അനിരാജ് ആവശ്യപ്പെട്ടു. പകൽ വരാൻ പറഞ്ഞപ്പോൾ അസഭ്യം വിളിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിക്കുകയായിരുന്നു. യുവതിയെയും മാതാവിനെയും ഇയാൾ ക്രൂരമായ മർദ്ദിച്ചു. ഭയന്ന് വീടിനുള്ളിൽ കയറി കതകടച്ചപ്പോൾ, അടുക്കളയുടെ കതക് ബലം പ്രയോഗിച്ച തുറന്ന് ഉള്ളിൽ കയറി വീണ്ടും ഉപദ്രവിച്ചു. ഭിത്തിയോട് ചേർത്തുവച്ച് മർദ്ദിച്ചതിൽ ലക്ഷ്മിയുടെ നട്ടെല്ലിന് ക്ഷതമേറ്റു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പന്തളം പൊലീസ് സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി പൊലീസിനേയും ആക്രമിക്കാൻ ശ്രമിച്ചു. ഏറെ പണിപ്പെട്ടു മൽപ്പിടിത്തത്തിലൂടെയാണ് പൊലീസ് സംഘം ഇയാളെ കീഴടക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.