വിസ തട്ടിപ്പിനിരയായ യുവതി ജീവനൊടുക്കകി

Monday 07 October 2024 1:29 AM IST

# മരിക്കാനുള്ള ഭർത്താവിന്റെ ശ്രമം തടഞ്ഞു

കുട്ടനാട്: വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു. ജീവനൊടുക്കാനുള്ള ഭർത്താവിന്റെ ശ്രമം പൊലീസും നാട്ടുകാരും ചേർന്ന് തടഞ്ഞു. തലവടി മാളിയേക്കൽ ശരണ്യ (34)യാണ് ഇന്നലെ വൈകുന്നേരം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. വിദേശത്തായിരുന്ന ശരണ്യ നാട്ടിലെത്തിയശേഷം പുതിയ വിസയിൽ തിരികെ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായപ്പോഴാണ് വിസ തട്ടിപ്പാണന്ന് അറിഞ്ഞത്. ഇതിൽ മനംനൊന്ത ശരണ്യ ജീവനൊടുക്കുകയായിരുന്നു. നാട്ടുകാർ ശരണ്യയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവ് അരുണിനോട് കാര്യങ്ങൾ തിരക്കുന്നതിനിടെ അദ്ദേഹം

വീട്ടിലേക്ക് ഓടിക്കയറി വാതിൽ പൂട്ടിയ ശേഷം കഴുത്തിൽ കുടുക്കിട്ട് മരിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് വാതിൽ തകർത്ത് അകത്തു കടന്ന് അരുണിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവർ വിവാഹിതരായിട്ട് ഏഴ് വർഷം കഴിഞ്ഞിരുന്നെങ്കിലും മക്കളില്ല. ശരണ്യയുടെ സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.

പാലാ സ്വദേശിയായ വ്യക്തിയാണ് വിസ തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. വിസയ്ക്കും വിമാന ടിക്കറ്റിനുമുള്ള പണം ഇയാൾക്ക് ശരണ്യ കൈമാറിയതായും അറിയുന്നു. മറ്റുപലരെയും ഇയാൾ ഇതുപോലെ തട്ടിച്ചതായും ആന്വേഷണം നടന്നുവരുന്നതായും എടത്വാ എസ്.ഐ രാജേഷ് പറഞ്ഞു.