'കണ്ണീരിനൊപ്പം ചേർത്ത് വിഴുങ്ങി'; വഞ്ചിച്ച ഭർത്താവിന്റെ ചാരം കഴിച്ച് യുവതി

Monday 07 October 2024 12:46 PM IST

ഒട്ടാവ: തന്നെ വഞ്ചിച്ച ഭർത്താവിന്റെ ചിതാഭസ്‌മം കഴിച്ച് യുവതി. കാനഡയിലാണ് സംഭവം. കനേഡിയൻ എഴുത്തുകാരിയായ ജെസിക്ക വെയിറ്റ് 'എ വിഡോസ് ഗൈഡ് ടു ഡെഡ് ബാസ്റ്റർഡ്‌സ്' എന്ന തന്റെ ഓർമക്കുറിപ്പിലാണ് ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തിയത്.

ജെസിക്കയുടെ ഭർത്താവ് സീൻ 2015ൽ ടെക്‌സാസിലേക്ക് ജോലി സംബന്ധമായ യാത്രയ്ക്കിടെ മരണപ്പെടുകയായിരുന്നു. ഇതിനുശേഷമാണ് ഭർത്താവ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ജെസിക്ക മനസിലാക്കുന്നത്. സീനിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയെ ബന്ധപ്പെടാൻ അയാളുടെതന്നെ ഐപാഡ് ഉപയോഗിക്കുന്നതിനിടെയാണ് അയാളുടെ സർച്ച് ഹിസ്റ്ററി ജെസിക്കയുടെ ശ്രദ്ധയിൽപ്പെടുന്നത്. ലൈംഗികബന്ധത്തിലേർപ്പെടാനും മറ്റും ആളുകളെ വാടകയ്ക്കെടുക്കുന്ന 'എസ്‌കോർട്ടുകളെക്കുറിച്ചും' അവരുടെ ഫീസിനെക്കുറിച്ചും ലൊക്കേഷനെക്കുറിച്ചും സീൻ ഇന്റർനെറ്റിൽ അനേകം തവണ തിരഞ്ഞതായി ജെസിക്ക മനസിലാക്കുകയായിരുന്നു.

തന്റെ ഭർത്താവ് രഹസ്യജീവിതം നയിച്ചിരുന്നതായി തുടർന്നുള്ള മാസങ്ങളിലാണ് ജെസിക്ക കണ്ടെത്തുന്നത്. സീനിന് അനേകം യുവതികളുമായി ബന്ധമുണ്ടായിരുന്നതായും പതിവായി എസ്‌കോർട്ടുകളെ വാടകയ്ക്കെടുത്തിരുന്നതായും ഇതിനായി കൊളറാഡോയിൽ ഒരു അപ്പാർട്ട്‌മെന്റ് വാടകയ്ക്കെടുത്തിരുന്നുവെന്നും അവർ കണ്ടെത്തി. ഭർത്താവിന്റെ ഫോണിൽ അശ്ളീല വീഡിയോകളുടെ വലിയൊരു ശേഖരം ഉണ്ടായിരുന്നതായും ജെസിക്ക ഓർമക്കുറിപ്പിൽ പറയുന്നു.

തുടർന്നുണ്ടായ അതിയായ ദുഃഖത്തിന്റെ പുറത്ത് ഭർത്താവിന്റെ ചിതാഭസ്‌മം തോട്ടത്തിൽ കൊണ്ടുവന്ന് കഴിച്ചതായും ഓർമക്കുറിപ്പിൽ ജെസിക്ക വെളിപ്പെടുത്തുന്നു. 'എന്റെ വിരലുകളിൽ ചാരം പറ്റിപ്പിടിച്ചിരുന്നു. ബേക്കിംഗ് പൗഡറിനേക്കാൾ അവ പരുക്കനായിരുന്നു. ഉപ്പിനേക്കാൾ തരിതരിയായി കാണപ്പെട്ടു. എന്റെ കണ്ണീരിനൊപ്പം ഒരു ചേർന്ന് ഒരു ചെളിക്കട്ടയെന്നപോലെ ഞാനത് വിഴുങ്ങി'- എന്നായിരുന്നു അവർ അനുഭവം വിവരിച്ചത്. താനിപ്പോൾ പുതിയൊരു ബന്ധത്തിലാണെങ്കിലും ഭർത്താവിന്റെ വഞ്ചനയോർത്ത് ദിവസും കരയാറുണ്ടെന്ന് അവർ പറയുന്നു.