കുറ്റപത്രം സമർപ്പിച്ചു, ഡോക്ടറെ സഞ്ജയ് ക്രൂര പീഡന ശേഷം കൊന്നെന്ന് സി.ബി.ഐ

Tuesday 08 October 2024 1:09 AM IST

കൊൽക്കത്ത: കോളിളക്കം സൃഷ്ടിച്ച ആർ.ജി കർ മെഡിക്കൽ കോളേജ് ജൂനിയർ ഡോക്ടർ പീഡന കൊലക്കേസിൽ സി.ബി.ഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായ പ്രതി സഞ്ജയ് റോയ് ഒറ്റയ്ക്കു ചെയ്ത അതി നിഷ്ഠൂര കൊലപാതകമെന്ന് സിയാൽദ സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

കൊടുംക്രിമിനലാണ് സഞ്ജയ്. സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച കേസ് ഇയാൾക്കെതിരെ മുൻപുമുണ്ട്. കൊല്ലപ്പെട്ട പി.ജി ജൂനിയർ ഡോക്ടർ കൂട്ടമാനഭംഗത്തിന് ഇരയായിട്ടില്ലെന്നും സി.ബി.ഐ പറയുന്നു.

സി.ബി.ഐ നൂറോളം സാക്ഷികളെ വിസ്തരിച്ചിരുന്നു.12 പേരുടെ നുണ പരിശോധനയും നടത്തി. ഡി.എൻ.എ ടെസ്റ്റ് നടത്തിയാണ് ഇരയുടെ നഖത്തിൽ പുരണ്ടിരുന്ന രക്തക്കറ സഞ്ജയിന്റേതാണെന്ന് സ്ഥിരീകരിച്ചത്. പീഡനത്തെ തുടർന്നുള്ള രക്തസ്രാവം, കഴുത്ത് ഞെരിച്ചതിലൂടെ തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടായ ക്ഷതം, വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കൽ എന്നിവ മരണ കാരണമായെന്നാണ് മെഡിക്കൽ റിപ്പോർട്ട്.

ഇയർ ഫോൺ

തുമ്പായി

 ആശുപത്രി മൂന്നാം നിലയിലെ സെമിനാർ ഹാളിൽ കഴിഞ്ഞ ഓഗസ്റ്റ് 9ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിത്

 സഞ്ജയ് അന്നു വെളുപ്പിന് 4ന് ആശുപത്രിയിൽ കയറുന്നതും 40 മിനിട്ടിനു ശേഷം മടങ്ങുന്നതും സി.സി ടിവിയിൽ

 മൃതശരീരത്തിനരികിൽ ബ്ളൂടൂത്ത് ഇയർ ഫോൺ കണ്ടെത്തിയത് സുപ്രധാന തുമ്പായി

 തൊട്ടടുത്ത ദിവസം സഞ്ജയ് പൊലീസിന്റെ പിടിയിൽ. മനപ്പൂർവം കുടുക്കിയെന്നായിരുന്നു ഇയാളുടെ വാദം