ചെന്നൈ എയർ ഷോ അപകടം: കുടിവെള്ളം പോലും ഒരുക്കിയില്ല
ചെന്നൈ: എയർ ഷോയിലെ തിക്കും തിരക്കും കനത്ത ചൂടും കാരണം അഞ്ച് പേർ മരിച്ച സംഭവത്തിൽ ഡി.എം.കെ സർക്കാരിന്റെ അനാസ്ഥയെന്ന് വ്യാപക ആരോപണം. നിർജ്ജലീകരണമാണ് പ്രധാന മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മറീന ബീച്ചിൽ എയർ ഫോഴ്സിന്റെ ഷോ കാണാൻ ലക്ഷങ്ങളാണ് ഞായറാഴ്ച എത്തിയത്. ഇവർക്ക് ആവശ്യത്തിന് വെള്ളമോ തണൽ സൗകര്യമോ ഒരുക്കിയില്ല. ഇരുന്നൂറിലധികം പേരാണ് സ്ഥലത്ത് തളർന്നു വീണത്. 100ലേറെപ്പേർ ആശുപത്രിയാലാണ്. രാവിലെ ഏഴിന് തന്നെ ബീച്ച് നിറഞ്ഞിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഷോ അവസാനിച്ചത്. പൊരിവെയിലത്തു മണിക്കൂറികൾ നിന്ന് വലഞ്ഞ ജനം തിരികെപ്പോകാൻ തിക്കിത്തിരക്കി.
അതേസമയം, വ്യോമസേന ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിയെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. വന്നതിന്റെ നാലിലൊന്ന് ആൾക്കാരെ പ്രതീക്ഷിച്ചിരുന്നില്ല. മരിച്ചവരുടെ ആശ്രിതർക്ക് തമിഴ്നാട് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.