അപേക്ഷിച്ചത് 22-ാം വയസിൽ ജോലി ലഭിച്ചെന്ന കത്ത് ലഭിച്ചത് 70-ാം വയസിൽ

Tuesday 08 October 2024 1:53 AM IST

ലണ്ടൻ: ഉദ്യോഗാർത്ഥികൾ ഏറ്റവും കൂടതൽ ടെൻഷൻ നേരിടുന്ന സമയമാണ് ഒരു സ്ഥാപനത്തിലേക്ക് ജോലിക്കായി അപേക്ഷ അയച്ചശേഷം കാത്തിരിക്കുന്നത്. ഇന്ന് ഇ-മെയിൽ വഴിയാണെങ്കിൽ പണ്ട് തപാൽ വഴിയായിരുന്നു. ഇപ്പോഴും തപാൽ മാർഗം അപ്പോയ്മെന്റ് ലഭിക്കുന്നതുമുണ്ട്. ചിലപ്പോൾ പെട്ടെന്നുതന്നെ മറുപടി ലഭിക്കുമെങ്കിലും മറ്റുചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ,അപൂർവമായി ഒന്നോ രണ്ടോ വർഷങ്ങളോ കഴിഞ്ഞായിരിക്കും കിട്ടുക.

എന്നാൽ യു.കെ. സ്വദേശിനിയായ ടിസിക്ക് 22-ാം വയസിൽ ജോലി ലഭിച്ചെന്ന കത്ത് ലഭിച്ചത് എഴുപതാം വയസിലാണെന്നതാണ് ഇപ്പോഴത്തെ ചർച്ച വിഷയം. അതായത് 48 വർഷങ്ങൾക്ക് ശേഷം. ഇംഗ്ലണ്ടിലെ ലിങ്കൻഷറിൽ താമസിക്കവെ 1976ലാണ് മോട്ടോർസൈക്കിൾ സ്റ്റണ്ട് റൈഡർ ആവുക എന്ന ആഗ്രഹത്താൽ ആ പോസ്റ്റിലേക്ക് അവർ അപേക്ഷ സമർപ്പിച്ചത്. എന്നാൽ, അരനൂറ്റാണ്ടോളം കഴിഞ്ഞാണ് അവർക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള കത്ത് ലഭിച്ചത്.

അത്ഭുതകരം എന്നാണ് കത്തുകിട്ടിയ ഉടനെ ടിസി പ്രതികരിച്ചത്. അന്നയച്ച അപേക്ഷയ്ക്ക് മറുപടിയൊന്നും കിട്ടാത്തതെന്താണെന്ന് ഞാൻ ആശ്ചര്യപ്പെട്ടിരുന്നു. തൊഴിലുടമ അയച്ച കത്ത് പോസ്റ്റ് ഓഫീസിലുള്ളവരുടെ അനാസ്ഥകൊണ്ടാണ് തന്റെ കൈകളിൽ എത്താതിരുന്നതെന്നാണ് ടിസി പറയുന്നത്.

സ്റ്റെയിൻസ് പോസ്റ്റ് ഓഫീസിൽ നിന്നുള്ള വൈകിയ കത്ത്. ഡ്രോയുടെ പിന്നിൽ നിന്ന് കണ്ടുകിട്ടിയ 50 വർഷം മാത്രം പഴക്കമുള്ളൊരു കത്ത്.' എന്ന് കൈയെഴുത്തു കുറിപ്പോടുകൂടിയാണ് ടിസിയെ തേടി അടുത്തിടെ ഈ കത്ത് ലഭിച്ചത്. അയച്ച ആളുടെ പേരോ, ടിസയുടെ മേൽവിലാസം അവർക്കെങ്ങനെ കിട്ടിയെന്നത് വ്യക്തമല്ല.

അന്ന് ജോലി കിട്ടാതെപോയ ടിസി പിന്നീട് പാമ്പുപിടുത്തക്കാരിയായും ഫ്‌ളയിംഗ് ഇൻസ്ട്രക്ടറായും എയ്‌റോബാറ്റിക് പൈലറ്റായും തന്റെ കരിയർ കെട്ടിപ്പടുത്തു.

ദിവസങ്ങളുടെ

കാത്തിരിപ്പ്

ലണ്ടനിലെ ഫ്ളാറ്റിലിരുന്നാണ് അന്ന് താൻ കത്ത് ടൈപ്പ് ചെയ്തതെന്ന് ടിസി പറയുന്നു. അന്നൊക്കെ എല്ലാദിവസവും കത്തിന് മറുപടി വന്നോ എന്ന് നോക്കും. നിരാശയായിരുന്നു ഫലം. മോട്ടോർസൈക്കിള്‍ സ്റ്റണ്ട് റൈഡറാകാൻ അത്രയധികം ആഗ്രഹമുണ്ടായിരുന്നു ടിസി പറഞ്ഞു.

അതേസമയം, ഒരു സ്ത്രീയാണെന്ന കാരണത്താൽ ജോലി നിരസിക്കപ്പെടാം എന്ന് മനസ്സിലാക്കിയ ടിസി റിക്രൂട്ടർമാരോട് തന്റെ ലിംഗമേതെന്ന് വെളിപ്പെടുത്താതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.

ഈ 48 വർഷത്തിന്റെ ഇടയ്ക്ക് ഞാൻ അമ്പതോളം വീടും നാലോ അഞ്ചോ തവണ രാജ്യങ്ങൾതന്നെ മാറി. എന്നിട്ടും

എന്നെ തേടി ഈ കത്ത് എത്തി. എന്റെ വിലാസം എങ്ങനെ കണ്ടെത്തി എന്ന കാര്യം നിഗൂഢമാണ്.

-ടിസി