ഹരിയാനയിൽ കോൺഗ്രസ് മുന്നിൽ, കാശ്‌മീരിൽ ഇഞ്ചോടിഞ്ച്; വോട്ടെണ്ണൽ പുരോഗമിക്കുന്നു

Tuesday 08 October 2024 8:18 AM IST

ന്യൂഡൽഹി: ഹരിയാന, ജമ്മുകാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യഫലസൂചനകൾ കോൺഗ്രസിന് അനുകൂലമാണ്. വോട്ടെണ്ണൽ ആരംഭിച്ച് മിനുട്ടുകൾ മാത്രം ആകുമ്പോഴേക്കും ഹരിയാനയിലും ജമ്മു കാശ്‌മീരിലും കോൺഗ്രസ് ആണ് മുന്നിൽ. രാവിലെ 8ന് ആണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഉച്ചയോടെ പൂർത്തിയാകും. രണ്ടിടത്തും 90 അംഗ സഭകളാണ്. ഹരിയാനയിൽ ഒറ്റ ഘട്ടമായും ജമ്മുകാശ്‌മീരിൽ മൂന്ന് ഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്.

ഹരിയാനയിൽ പത്തു വർഷമായി ഭരണത്തിലുള്ള ബി.ജെ.പിയും തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസും തമ്മിലാണ് പ്രധാന പോര്. 370-ാം വകുപ്പ് റദ്ദാക്കിയ ശേഷം ജമ്മുകാശ്‌മീരിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യവും, ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം. ഹരിയാന കോൺഗ്രസിനൊപ്പമെന്നാണ് എക്സിറ്റ് പോളുകൾ. ജമ്മു കാശ്മീരിൽ തൂക്കുസഭയും പ്രവചിക്കുന്നു.