കെഎസ് ചിത്രയുടെ പേരിലുള്ള സന്ദേശം നിങ്ങളെയും തേടിയെത്തിയേക്കാം; വഞ്ചിതരാകരുതെന്ന് ഗായികയുടെ മുന്നറിയിപ്പ്

Tuesday 08 October 2024 12:07 PM IST

കൊച്ചി: ഗായിക കെഎസ് ചിത്രയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് തട്ടിപ്പ്. പേരും ചിത്രവും ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് പലരോടായി പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ പോയിട്ടുണ്ട്. സന്ദേശം ലഭിച്ചവർ ആദ്യം ഒന്ന് അമ്പരന്നു. പിന്നാലെ ഇത് ചിത്ര ചേച്ചി തന്നെയാണോ എന്നും ചോദിച്ചു. ഈ ചോദ്യത്തിന് അതെ എന്ന തരത്തിലുള്ള മറുപടിയും മറ്റ് ചില കാര്യങ്ങൾ പറഞ്ഞ് ചാറ്റ് നടത്തുകയും ചെയ്തിട്ടുണ്ട്. ചിത്രയുടെ അടുത്ത വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

'ഞാൻ കെഎസ് ചിത്ര, ഇന്ത്യൻ പിന്നണി ഗായികയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ അംബാസഡർ കൂടിയാണ്'- ഇങ്ങനെയാണ് പലർക്കും ലഭിക്കുന്ന സന്ദേശം. റിലയൻസിൽ 10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കിപ്പുറം 50,000 രൂപയാക്കി മടക്കിത്തരുമെന്നും താൽപര്യമുണ്ടെങ്കിൽ നിക്ഷേപം എങ്ങനെ തുടങ്ങണമെന്ന് തന്നോട് ചോദിച്ചാൽ മതിയെന്നും സന്ദേശത്തിൽ പറയുന്നു. എന്നാൽ തന്റെ പേരിലെ സന്ദേശങ്ങൾ എല്ലാം തന്നെ വ്യാജമാണെന്നും ആരും തട്ടിപ്പിന് ഇരയാകരുതെന്നും കെഎസ് ചിത്ര ആരാധകരോടും സുഹൃത്തുക്കളോടും അഭ്യർത്ഥിച്ചു.