ഇറാനിലുണ്ടായത് ഭൂകമ്പമല്ല! പിന്നിൽ വമ്പൻ രാജ്യങ്ങളെപ്പോലും തകർക്കാൻ ശേഷിയുള്ള ആണവായുധ പരീശീലനം?

Tuesday 08 October 2024 12:42 PM IST

ഭൂകമ്പ സാദ്ധ്യത ഏറെയുള്ള രാജ്യമാണ് ഇറാൻ. എന്നാൽ, ഒക്‌ടോബർ അഞ്ചിന് ഇറാനിലുണ്ടായ ഭൂചലനത്തെ ലോകം മുഴുവൻ ഇപ്പോൾ സംശയത്തോടെയാണ് വീക്ഷിക്കുകയാണ്. അസ്വാഭാവികമായ ഈ ഭൂചലനത്തിന് കാരണം ഇറാന്റെ ആണവ പരീക്ഷണമാണോ എന്ന സംശയമാണ് ഉയരുന്നത്. ഭൂകമ്പം നടന്ന സമയം, സ്ഥലം എന്നിവയാണ് ഇറാൻ സ്വന്തമായി ആണവായുധ നിർമാണം ആരംഭിച്ചോ എന്ന ചോദ്യം ഉയരാൻ കാരണം. എന്നാൽ, ഇത്തരം പരീക്ഷണങ്ങൾ നടന്നാൽ പോലും ഒരു രാജ്യം ആഴ്‌ചകൾക്കുള്ളിൽ ആണവായുധം നിർമിക്കും എന്ന് പറയാനും സാധിക്കില്ല.

സംശയങ്ങൾക്ക് തുടക്കം

ഒക്‌ടോബർ അഞ്ചിന് രാവിലെ 10.45നാണ് സെംനാൻ പ്രവിശ്യയിലെ അരാദാൻ കൗണ്ടിയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. മെഹർ വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 12 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് ടെഹ്‌റാൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്‌സിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇറാൻ ആണവായുധ പരീക്ഷണം നടത്തിയതിന്റെ ഫലമായാണ് ഭൂകമ്പം ഉണ്ടായതെന്ന് അന്ന് മുതൽ ഒരു വിഭാഗം ആളുകൾ പറയുന്നുണ്ട്. എന്നാൽ, ഇത് സ്ഥിരീകരിച്ചോ നിഷേധിച്ചോ ഉള്ള ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടുമില്ല.

ഭൂകമ്പം എങ്ങനെ ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാട്ടി ചിലർ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഗ്രാഫുകൾ പങ്കുവച്ചിട്ടുണ്ട്. ഇവയൊന്നും വിദഗ്ദ്ധർ സ്ഥിരീകരിച്ചിട്ടില്ല. ഒക്‌ടോബർ ഒന്നിന് 180 ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ ഇസ്രയേലിനു നേരെ തൊടുത്തുവിട്ടു. യഹൂദ രാഷ്ട്രത്തിന് നേരെ നടക്കുന്ന ഏറ്റവും വലിയ നേരിട്ടുള്ള ആക്രമണമായിരുന്നു അത്. പ്രതികാരം ചെയ്യുമെന്ന് ഇസ്രയേലും പ്രതിജ്ഞയെടുത്തു. ഇതോടെ ലോകം മുഴുവൻ ഇരുരാജ്യങ്ങളെയും വീക്ഷിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഭൂകമ്പമുണ്ടായത്.

ഇറാൻ ആണവായുധ നിർമാണത്തിലാണോ?

ഒക്‌ടോബർ ഒന്നിന് ദി ഹെറിറ്റേജ് ഫൗണ്ടേഷൻ പറഞ്ഞത് പ്രകാരം, പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ തന്നെ ഇറാന് ആണവായുധങ്ങൾ നിർമിക്കാൻ സാധിക്കും. ആണവ ബോംബ് നിർമിക്കാനുള്ള ഉത്തരവ് ലഭിക്കുന്നത് മുതൽ അതിന്റെ ആദ്യഘട്ട പരീക്ഷണം വരെ ഒരാഴ്‌ച സമയം മതി എന്നാണ് ഒരു മുതിർന്ന ഇറാനിയൻ നിയമനിർമ്മാതാവിനെ ഉദ്ധരിച്ച് അതിൽ പറഞ്ഞിരിക്കുന്നത്. അതിനാൽ, ഇറാന്റെ ആണവായുധ പദ്ധതി വിപുലമായ ഘട്ടത്തിലാണെന്ന് ഇതിലൂടെ വ്യക്തമാണ്. ദ ഗാർഡിയന് നൽകിയ അഭിമുഖത്തിൽ മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹുദ് ബരാക് രാജ്യത്തിന്റെ പ്രതിരോധത്തെക്കുറിച്ച് പരാമർശിച്ചിരുന്നു.

സിവിലിയൻ ആണവ പദ്ധതിയുടെ മറവിൽ ഇറാൻ, സൈനിക ആണവ പദ്ധതി നടപ്പാക്കുകയാണെന്ന് പതിറ്റാണ്ടുകൾ മുമ്പ് തന്നെ പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. 2010ൽ ഇറാനിലെ ഏറ്റവും വലിയ ആണവ കേന്ദ്രമായ നടാൻസിൽ നിന്ന് സ്റ്റക്‌സ്‌നെറ്റ് മാൽവെയർ (വിവരങ്ങൾ ചോർത്തുന്ന പ്രോഗ്രാമുകൾ) കണ്ടെത്തിയിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ഒക്‌ടോബറിൽ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. അണുബോംബ് നിർമ്മിക്കാൻ ആവശ്യമായ 90 ശതമാനം യുറേനിയം സമ്പുഷ്ടീകരണ ഗ്രേഡിലേക്ക് ഇറാൻ അടുത്തെത്തിയെന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്.

സത്യാവസ്ഥ എന്ത്?

'ഇറാൻ ഒരു തുടക്കക്കാരനായ രാജ്യമാണ്. അവർക്ക് ഇതുവരെ സ്വന്തമായി ആയുധം ഇല്ല. അവർക്കൊരു ആയുധം ലഭിക്കാൻ ഒരു വർഷമെടുക്കും. ഒരു ആയുധശേഖരം ഉണ്ടാകാൻ അര പതിറ്റാണ്ടും എടുത്തേക്കാം ', എന്നാണ് മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹുദ് ബരാക് പറഞ്ഞത്. ഇറാൻ ആണവായുധം നിർമിക്കാൻ ഇനിയും മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാമെന്നാണ് ന്യൂയോർക്ക് ടൈംസ് ഒക്‌ടോബർ രണ്ടിന് പുറത്തുവിട്ട ഈ അഭിമുഖത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ഇറാൻ ഈ വർഷം ആണവായുധ പരീക്ഷണം നടത്തുമെന്ന് താൻ കരുതുന്നില്ലെന്നാണ് വിർജീനിയ സർവകലാശാലയിലെ മെക്കാനിക്കൽ ആൻഡ് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിന്റെ എമറിറ്റസ് പ്രൊഫസറായ ഹ്യൂസ്റ്റൺ ജി വുഡ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത്.

പല തരത്തിലുള്ള നിഗമനങ്ങളും അഭിപ്രായങ്ങളും ഉയരുന്നുണ്ടെങ്കിലും ഇറാൻ ആണവായുധ നിർമാണത്തിനോടടുത്തു എന്ന് തന്നെ കരുതാവുന്നതാണ്. ഇത്രയും വലിയ പ്രകോപനമുണ്ടായിട്ടും ഇസ്രായേലിന്റെ പ്രത്യാക്രമണം വൈകുന്നതിനും കാരണമിതാകാം.