ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കുള്ള വിദ്യകൾ വികസിപ്പിച്ചു; യുഎസ്, കനേഡിയൻ ശാസ്‌ത്രജ്ഞർക്ക് ഭൗതികശാസ്‌ത്ര നൊബേൽ

Tuesday 08 October 2024 4:17 PM IST

സ്റ്റോക്ക്‌ഹോം: ഈ വർഷത്തെ ഭൗതികശാസ്‌ത്ര നൊബേൽ പ്രഖ്യാപിച്ചു. യുഎസ്‌ ഗവേഷകൻ ജോൺ ജെ ഹോപ്‌ഫീൽഡ്, കനേഡിയൻ ഗവേഷകൻ ജിയോഫ്രി ഇ ഹിന്റൺ എന്നിവരാണ് 2024ലെ ഭൗതികശാസ്‌ത്ര നൊബേൽ സമ്മാനത്തിന് അർഹരായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) അടിസ്ഥാനമായ മെഷീൻ ലേണിംഗ് വിദ്യകൾ വികസിപ്പിച്ചതിനാണ് ഇരുവർക്കും ബഹുമതി നൽകുന്നതെന്ന് നൊബേൽ അക്കാഡമി വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഫിസിക്‌സിന്റെ പിന്തുണയോടെയാണ്, നിർമിത ന്യൂറൽ ശൃംഖലകളെ (artificial neural networks) പരിശീലിപ്പിച്ചെടുക്കാൻ ഇവർ വഴികണ്ടെത്തിയത്. യുഎസിൽ പ്രിൻസ്റ്റൻ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ഹോപ്ഫീൽഡ്. കാനഡയിൽ ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ഹിന്റൺ.