ഹരിയാനയിൽ ഹാട്രിക് താമര,​ ജമ്മുകാശ്മീരിൽ 'ഇന്ത്യാ' വിജയം

Wednesday 09 October 2024 4:07 AM IST

ന്യൂഡൽഹി: കോൺഗ്രസ് തിരിച്ചുവരവ് പ്രതീക്ഷിച്ച ഹരിയാനയിൽ ബി.ജെ.പിക്ക് മിന്നും ഹാട്രിക് ജയം. ജമ്മുകാശ്മീർ പിടിക്കാൻ കച്ചകെട്ടിയ ബി.ജെ.പിയെ വീഴ്ത്തി ഇന്ത്യ മുന്നണി. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം രാജ്യം ഉറ്റുനോക്കിയ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ഫലം 1-1.

ഹരിയാനയിൽ മുഖ്യമന്ത്രി നയാബ് സിംഗ് സൈനി തുടരും. ജമ്മുകാശ്‌മീരിൽ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള മുഖ്യമന്ത്രിയാകും.

ലീഡുനില നാടകീയമായപ്പോൾ,​ ഇന്നലെ രാവിലെ 11 വരെ ഹരിയാന തങ്ങൾക്കൊപ്പമെന്ന് തോന്നിച്ചിടത്തു നിന്നാണ് കോൺഗ്രസിന്റെ പതനം. ​ പടിപടിയായുയർന്ന ബി.ജെ.പി കേവല ഭൂരിപക്ഷവും കടന്ന് 48 സീറ്റ് നേടി. കോൺഗ്രസ് 37ൽ ഒതുങ്ങി.

ജമ്മുകാശ്‌മീരിൽ പത്തു വർഷത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസിന്റെ (എൻ.സി)​ ഗംഭീര മുന്നേറ്റത്തിലാണ് ബി.ജെ.പി അടിപതറിയത്. എൻ.സി 42 സീറ്റിൽ ഫിനിഷ് ചെയ്തപ്പോൾ ബി.ജെ.പി 29ൽ ഒതുങ്ങി. അതേസമയം,​ കോൺഗ്രസ് നിരാശപ്പെടുത്തി. 2014ലെ 12 സീറ്റിൽ നിന്ന് ആറിലേക്കൊതുങ്ങി. എങ്കിലും 'ഇന്ത്യ'മുന്നണി ബാനറിലായതിനാൽ സർക്കാരിന്റെ ഭാഗമെന്ന് ആശ്വസിക്കാം. മറ്റൊരു പ്രബല പാർട്ടിയായ പി.ഡി.പി 28ൽ നിന്ന് മൂന്ന് സീറ്റിലേക്ക് തകർന്നടിഞ്ഞു. കോൺഗ്രസ് വിട്ട ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിക്ക് സീറ്റില്ല.

രണ്ടു സംസ്ഥാനങ്ങളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം തുടരാനാകാത്തത് കോൺഗ്രസിന് തിരിച്ചടിയായി. വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച കോൺഗ്രസ് ഹരിയാന ഫലപ്രഖ്യാപനത്തിൽ കമ്മിഷൻ വീഴ്‌ച വരുത്തിയെന്ന് കുറ്റപ്പെടുത്തി.

ഒ.ബി.സി, ദളിത് വോട്ടിൽ താമര

1 ഭരണവിരുദ്ധ വികാരം,​ കർഷക രോഷം,​ ഗുസ്‌തിക്കാരുടെ സമരം എന്നിവ മറികടന്നാണ് ഹരിയാനയിൽ ബി.ജെ.പിയുടെ തേരോട്ടം

2 ജാട്ട് സമുദായം അകന്നെന്ന് മനസ്സിലാക്കി ഒ.ബി.സി, ദളിത് വോട്ട് ബാങ്കുകളെ ചേർത്തു നിറുത്തിയത് ഫലം കണ്ടു

3 സംസ്ഥാനത്ത് ഹാട്രിക് ഭരണം ആദ്യം. 2014, 2019 വർഷങ്ങളിൽ മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ ജയിച്ചു

4 കണക്കുകൂട്ടിയ ജാട്ടുകളുടെ വോട്ട് ചെറു പാർട്ടികളിലേക്ക് ഭിന്നിച്ചു പോയതും ഹൂഡ- സെൽജ പോരും കോൺഗ്രസിന് പാരയായി

പി.ഡി.പി വോട്ട് ഒഴുകി, ഒമറിന് രണ്ടാമൂഴം

1. 370-ാം വകുപ്പ് റദ്ദാക്കിയശേഷമുള്ള പോരിൽ ജമ്മുകാശ്‌മീരിൽ തൂക്കുസഭ പ്രതീക്ഷിച്ചിടത്താണ് എൻ.സിയുടെ കുതിപ്പ്

2 ബി.ജെ.പി വിരുദ്ധ വോട്ടും പി.ഡി.പിയുടെ വോട്ടും എൻ.സിയിലേക്ക് മറിഞ്ഞു. കാശ്മീർ ജനതയുടെ പാർട്ടിയെന്ന പ്രതിച്ഛായയും തുണച്ചു

3 ഒമറിനിത് രണ്ടാമൂഴം (2008ലും മുഖ്യമന്ത്രി). സി.പി.എമ്മിന്റെ യൂസഫ് തരിഗാമി വിജയം ആവർത്തിച്ചപ്പോൾ ആം ആദ്മി ഒരു സീറ്റ് നേടി

4 വികസനത്തിന് വോട്ടു ചോദിച്ച ബി.ജെ.പിക്ക് നില മെച്ചപ്പെടുത്തിയെന്ന് ആശ്വസിക്കാം ( 2014ൽ 25സീറ്റ്,​ 23%വോട്ട്, 2024ൽ 29, 25.64%വോട്ട്)