വരാൻ പോകുന്നത് വമ്പൻ അവസരങ്ങൾ; യോഗ്യതയ്‌ക്കനുസരിച്ചുള്ള സ്വപ്‌ന ജോലി നേടാം
കൂരാലി: കേരളത്തിനകത്തും പുറത്തുമുള്ള കമ്പനികൾ, സംരംഭങ്ങൾ, വിദേശകമ്പനികൾ എന്നിവിടങ്ങളിൽ യോഗ്യതയനുസരിച്ച് തൊഴിൽ ലഭ്യമാക്കുന്ന വിജ്ഞാനം എലിക്കുളം പദ്ധതിയിൽ വാർഡ് തലത്തിൽ രജിസ്‌ട്രേഷൻ തുടങ്ങും.
കേരള നോളജ് എക്കോണമി മിഷനും കെ.ഡിസ്‌കുമായി ചേർന്നാണ് എലിക്കുളം ഗ്രാമപഞ്ചായത്ത് തൊഴിൽദാനപദ്ധതി നടപ്പാക്കുന്നത്. അടുത്തദിവസം മുതൽ വാർഡ് തലത്തിലേക്ക് സന്നദ്ധപ്രവർത്തകർ രജിസ്‌ട്രേഷനായി എത്തും.
ആപ്പിലൂടെ ഓരോരുത്തരുടെയും വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള സ്വദേശ, വിദേശ ജോലികളുടെ പട്ടികയിലേക്കെത്താം. താത്പര്യമുള്ള ജോലികൾക്കായി രജിസ്റ്റർ ചെയ്യാം. പത്തനംതിട്ട ജില്ലയിൽ നടത്തുന്ന മെഗാതൊഴിൽമേളയിൽ പഞ്ചായത്തിൽ നിന്നുള്ളവരെ പങ്കെടുപ്പിക്കാനും തീരുമാനമായി.
മുൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പത്തനംതിട്ട ജില്ലയിൽ നടപ്പാക്കിയ പദ്ധതിയുടെ ചുവടുപിടിച്ച് അവരുടെ കൂടി സഹകരണത്തോടെ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഏതെങ്കിലും ജോലിക്ക് അഭിമുഖത്തിൽ പങ്കെടുക്കണമെങ്കിൽ അതിനുള്ള പരിശീലനവും ആപ്പിലൂടെ ലഭ്യമാകും.
ആപ്പിലൂടെ എലിക്കുളത്ത് രജിസ്റ്റർ ചെയ്തത്: 1300 പേർ