അച്ഛനെ കണ്ടത് രണ്ട് തവണ;  ടി പി മാധവനെക്കുറിച്ച് മകൻ പറഞ്ഞത്

Wednesday 09 October 2024 3:53 PM IST

ഇന്ന് രാവിലെയാണ് നടനും താരസംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയുമായ ടി പി മാധവൻ (88) അന്തരിച്ചത്. ഉറ്റവരും ഉടയവരും ഇല്ലാതെ ഒമ്പത് വർഷമായി പത്തനാപുരം ഗാന്ധിഭവനിലായിരുന്നു മാധവന്റെ താമസം.

ഗാന്ധിഭവനിൽ ഒരുക്കിയ പ്രത്യേക മുറിയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. രണ്ട് മക്കളാണ് മാധവന്. ബോളിവുഡിലെ പ്രശസ്ത സംവിധായകനായ രാജകൃഷ്ണമേനോൻ ആണ് മാധവന്റെ മകൻ. ഭാര്യയായിരുന്ന ഗിരിജയിൽ നിന്ന് അദ്ദേഹം വർഷങ്ങൾക്ക് മുമ്പേ വിവാഹ മോചനം നേടിയിരുന്നു.

മാത്രമല്ല മകനെ ഒന്ന് കാണണമെന്ന ആഗ്രഹം ബാക്കിവച്ചാണ് അദ്ദേഹം യാത്രയായത്. എല്ലാവരും ഉണ്ടായിട്ടും ഒരു പ്രശസ്ത താരം ഗാന്ധിഭവനിൽ കഴിയേണ്ടി വന്നെന്ന രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇപ്പോഴിതാ അച്ഛനെക്കുറിച്ച് രാജകൃഷ്ണമേനോൻ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ടി പി മാധവന്റെ മകനായിട്ടാണ് ജനിച്ചതെങ്കിലും തന്റെ ഓർമയിൽ അദ്ദേഹത്തെ രണ്ട് തവണ മാത്രമാണ് കണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നാല് തവണയിൽ കൂടുതൽ അദ്ദേഹം തന്നെ കണ്ടിട്ടുണ്ടാകില്ല. അമ്മ ഗിരിജയാണ് തന്നെയും സഹോദരിയേയും വളർത്തിയത്. സിനിമയാണ് തനിക്കിഷ്ടം എന്ന് പറഞ്ഞപ്പോൾ നിനക്ക് ഇഷ്ടമുള്ളതിൽ നീ നൂറ് ശതമാനം നൽകണമെന്നായിരുന്നു അമ്മ പറഞ്ഞത്. സിംഗിൾ മദറാണ്, പോരാത്തതിന് അന്ന് സാമ്പത്തിക സ്ഥിതിയും മോശമായിരുന്നു. എന്നിട്ടും അമ്മ തനിക്ക് ഊർജം പകർന്നുവെന്നായിരുന്നു രാജകൃഷ്ണമേനോൻ പറഞ്ഞത്.