നവരാത്രി മണ്ഡലങ്ങൾ ഒരുങ്ങി, ഇന്ന് പൂജവയ്പ്

Thursday 10 October 2024 12:00 AM IST

തൃശൂർ: നവരാത്രി മണ്ഡലങ്ങൾ ഒരുങ്ങി, ഇന്ന് ക്ഷേത്രങ്ങളിലും വീടുകളിലും പൂജവയ്പ്. ഇത്തവണ രണ്ട് ദിവസം അടച്ചു പൂജ കഴിഞ്ഞ് ഞായറാഴ്ചയാണ് വിദ്യാരംഭം. ശനിയാഴ്ചയാണ് മഹാനവമി. ഞായറാഴ്ച പുലർച്ചെ മുതൽ വിദ്യാരംഭച്ചടങ്ങ് ആരംഭിക്കും. ദേവീക്ഷേത്രങ്ങളിൽ ദിവസങ്ങൾക്ക് മുമ്പ് തന്നെ ആഘോഷങ്ങൾക്ക് തുടക്കമായിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ എഴുത്തിനിരുത്തുന്ന ചേർപ്പ് തിരുവുള്ളക്കാവ് ക്ഷേത്രം, ആറാട്ടുപുഴ ക്ഷേത്രം, പാറമേക്കാവ്, തിരുവമ്പാടി, വടക്കുന്നാഥൻ, അശോകേശ്വരം, കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം, ഗുരുവായൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട കൂടൽമാണിക്യം, ഊരകം അമ്മത്തിരുവടി ക്ഷേത്രം, ഊത്രാളിക്കാവ്, തിരുവില്വാമല ക്ഷേത്രം തുടങ്ങി ജില്ലയിലെ ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങളിലും ഇന്ന് വൈകിട്ട് പൂജവയ്പ് ചടങ്ങ് നടക്കും.

കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം

കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ ഇന്നു മുതൽ നവരാത്രി ചടങ്ങുകൾ എസ്.എൻ.ബി.പി യോഗത്തിന്റെ നേതൃത്വത്തിൽ നടക്കും. വിജയദശമി ദിവസം ക്ഷേത്രം മേൽശാന്തി വി.കെ. രമേഷ് ശാന്തിയുടെ നേതൃത്വത്തിൽ എഴുത്തിനിരുത്തൽ ചടങ്ങും 8.30 മുതൽ വിദ്യാഗോപാല മന്ത്രാർച്ചനയും ഉണ്ടായിരിക്കും.