ബയോ മസ്റ്ററിംഗ് എന്ന കടമ്പ
റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾ തന്നെയാണോ റേഷൻ വാങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് ബയോ മസ്റ്ററിംഗ് നിർബന്ധമാക്കി കേന്ദ്ര ഭക്ഷ്യവകുപ്പ് ഉത്തരവിറക്കിയത്. പ്രധാനമായും മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുകളിൽ പേരുള്ളവർ റേഷൻ കടകളിലോ, അതിനുവേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന കേന്ദ്രങ്ങളിലോ ഹാജരായി വിരലടയാളം രേഖപ്പെടുത്തിയാൽ മതിയാകും. പല കാരണങ്ങളാൽ വിരലടയാളം പതിയാത്തവരുടെ കൃഷ്ണമണി സ്‌കാൻ ചെയ്തും ഇതു സാദ്ധ്യമാണ്. പ്രധാനമായും മുൻഗണനാ വിഭാഗത്തിൽപ്പെടുന്ന മഞ്ഞ, പിങ്ക് കാർഡിലുള്ളവരാണ് നിർബന്ധമായും മസ്റ്ററിംഗ് നടത്തേണ്ടിവരുന്നത്. ഈ വർഷം ആദ്യം തന്നെ ഇതിനു തുടക്കം കുറിച്ചെങ്കിലും പതിവുപോലെ തടസങ്ങൾ പലതുമുണ്ടായി. സമയപരിധി കേന്ദ്രം നീട്ടിക്കൊടുത്തിട്ടും നിശ്ചിത സമയത്ത് മസ്റ്ററിംഗ് പ്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ച അവസാന സമയപരിധിയും തീർന്നു. അപ്പോഴും മഞ്ഞ, പിങ്ക് കാർഡുകളിൽ പേരുള്ള 34 ലക്ഷത്തിൽപ്പരം പേർ മസ്റ്റർ ചെയ്യാൻ ബാക്കിയാണ്.
സംസ്ഥാനത്തിന്റെ റേഷൻ വിഹിതത്തെ മാത്രമല്ല, റേഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവരുടെയും കഞ്ഞികുടി മുട്ടിക്കുമെന്നതിനാൽ ഈ പ്രക്രിയ എങ്ങനെയും പൂർത്തീകരിക്കേണ്ട വലിയ ഉത്തരവാദിത്വമാണ് സംസ്ഥാന ഭക്ഷ്യവകുപ്പിൽ വന്നുചേർന്നിരിക്കുന്നത്. കാലാവധി അവസാനിച്ചതു കണക്കാക്കാതെ മസ്റ്ററിംഗ് തുടർന്നും നടത്തി പൂർത്തിയാക്കാനാണ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ ജനങ്ങളോടു കാണിക്കാവുന്ന സന്മനോഭാവം കൂടിയാണിത്. മഞ്ഞ, പിങ്ക് കാർഡുകളുള്ളവരിൽ 1.53 കോടി പേരാണ് ഇതിനകം മസ്റ്ററിംഗ് നടത്തിയിട്ടുള്ളത്. ഇരുപത്തഞ്ചു ശതമാനത്തോളം പേർ ഇതുവരെ എത്തിയിട്ടില്ല. കിടപ്പുരോഗികൾ, പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ ഇവരുടെയൊക്കെ കാര്യത്തിലും തീരുമാനമാകേണ്ടതുണ്ട്. ഓരോ റേഷൻകടയുടെയും പരിധിയിൽ കിടപ്പുരോഗികൾ എത്രയുണ്ടെന്ന് കണക്കെടുക്കണം. ഉദ്യോഗസ്ഥർ അവരുടെ വീടുകളിലെത്തി മസ്റ്ററിംഗ് നടത്തേണ്ടിവരും.
കാർഡിലും ആധാറിലുമുള്ള പേരിലെ വ്യത്യാസം കാരണം മസ്റ്ററിംഗ് അസാധുവായിപ്പോയവർ ഒരു ലക്ഷത്തിലധികം വരും. പേരുകൾ ഒരേപോലെയാക്കിയാലും അതു സാധുവായിക്കിട്ടാൻ അധികൃതർ കനിയണം. സാങ്കേതിക നൂലാമാലകളാണ് കാരണം. പാവങ്ങൾക്ക് തുടർന്നും റേഷൻ ലഭിക്കാൻ ആവശ്യമായ നടപടികൾ വേഗത്തിലാക്കണം. അസാധുവാക്കപ്പെട്ട ഒരുലക്ഷത്തോളം കാർഡുകൾ എത്രയും വേഗം പുന:സ്ഥാപിക്കുകയും വേണം. റേഷൻകടകളിലെ സ്ഥിരം ശല്യക്കാരനായ ഇ - പോസ് യന്ത്രങ്ങൾ തുടർച്ചയായി പണിമുടക്കിയതു കാരണമാണ് ഇക്കഴിഞ്ഞ മാർച്ചിൽ ബയോമെട്രിക് മസ്റ്ററിംഗ് സംസ്ഥാനത്തൊട്ടാകെ നിറുത്തിവച്ചത്. പിന്നെ അതു പുനരാരംഭിക്കുന്നത് ഇക്കഴിഞ്ഞ സെപ്തംബർ 18-നാണ്. അഞ്ചാറുമാസം ഒന്നും ചെയ്യാതിരുന്നതു കൊണ്ടാണ് മസ്റ്ററിംഗ് കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയാതെ പോയത്. ഇ - പോസ് തകരാറുകൾ അപ്പപ്പോൾ പരിഹരിച്ച് ദൗത്യം പൂർത്തിയാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. എല്ലാം അവസാന നാളുകളിലേക്ക് മാറ്റിവയ്ക്കൽ ശീലമായിപ്പോയതുകൊണ്ട് ഇപ്പോൾ കാര്യങ്ങൾ വേഗം കൂട്ടി ചെയ്യേണ്ടിവരുന്നു.
അനധികൃതമായി ഒരാളും റേഷൻ ആനുകൂല്യം പറ്റുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് മസ്റ്ററിംഗ് പോലുള്ള സാങ്കേതിക പരിശോധനാ സംവിധാനങ്ങൾ. ഇത്രയധികം മുൻകരുതലുകളെടുത്തിട്ടും വ്യാജന്മാർ പൂർണമായും ഇല്ലാതായെന്നു പറയാനാവില്ല. ഇതിനകം അനർഹമായി ആനുകൂല്യം പറ്റിക്കൊണ്ടിരുന്ന ആയിരക്കണക്കിനു കാർഡുകാരെ മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയ കാര്യം ഓർക്കുന്നു. രാജ്യത്ത് ആദ്യം റേഷൻ സംവിധാനം നിലവിൽ വന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അന്നു മുതൽ ഇന്നുവരെ ചിട്ടയോടെ ഈ സംവിധാനം നിലനിറുത്തിക്കൊണ്ടുപോകാനും കഴിയുന്നുണ്ട്. ജനങ്ങൾ ബോധവാന്മാരായാൽ ഏതു ചെറിയ വീഴ്ചയോടും അവർ പ്രതികരിക്കുകയും ചെയ്യും. ബയോമെട്രിക് മസ്റ്ററിംഗിൽ സംഭവിച്ച കാലതാമസത്തിന് കാർഡുടമകൾ ഉത്തരവാദികളാകുന്നില്ല. സംവിധാനങ്ങൾ ശക്തിപ്പെടുത്തി സമയത്തുതന്നെ പൂർത്തിയാക്കാമായിരുന്ന കാര്യമാണത്.