പൊരിപ്പിൽ തൊടണ്ട; പൊള്ളും...

Thursday 10 October 2024 2:05 AM IST

ആറ്റിങ്ങൽ: പാചകത്തിനുള്ള എണ്ണയുടെ വില കൂടിയതോടെ ചായയ്ക്കൊപ്പം വാങ്ങുന്ന പൊരിപ്പുസാധനങ്ങളുടെ വിലയും ഏറുന്നു. എണ്ണയ്ക്കൊപ്പം പച്ചക്കറി, തേങ്ങ തുടങ്ങിയവയുടെ വിലയും ഏറിയതാണ് വിലവർദ്ധനവിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ ദിവസം വരെ 10 രൂപയ്ക്ക് ലഭിച്ചിരുന്ന ഉഴുന്നുവട, ഉള്ളിവട,​ പരിപ്പുവട, ബജികൾ, സമോസ തുടങ്ങിയവയ്ക്ക് ഇപ്പോൾ 12 മുതൽ 15 വരെയാണ് വില. സവാള, തക്കാളി, ഉരുളക്കിഴങ്ങ്,​ പച്ചമുളക്,​ ക്യാപ്സിക്കം തുടങ്ങിയ ചേരുവകൾക്കും വിലകയറിത്തുടങ്ങി.

ഓണത്തിന് എണ്ണവിലയിൽ 100 രൂപവരെ വർദ്ധനവാണ് ഉണ്ടായത്. 230മുതൽ 250 വരെ വാങ്ങുന്നുണ്ട്. എണ്ണയ്ക്കും തേങ്ങയ്ക്കും വില ഇനിയും കൂടിയാൽ പൊരിപ്പിന് ഇനിയും വില കൂടുമെന്നാണ് ചെറുകിട കച്ചവടക്കാരുടെ പക്ഷം. എന്നാൽ,​ വിലയേറിയ ചേരുവകൾ വേണ്ടാത്ത ഇലയട, വയനയില അപ്പം എന്നിവയും ചിലരുടെ വിലവർദ്ധന പട്ടികയിലുണ്ട്. എങ്കിൽപ്പിന്നെ ചായമാത്രമായി കുറയ്ക്കെണ്ടെന്നാണ് ചില വ്യാപാരികളുടെ തീരുമാനം.