അന്താരാഷ്ട്ര ബഹിരാകാശവാരം
പയ്യാവൂർ: മടമ്പം പി.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷനിൽ അന്താരാഷ്ട്ര ബഹിരാകാശ വാരം ആചരിച്ചു. 'അസ്ട്രാലിസ്'എന്ന പേരിൽ ആരംഭിച്ച വാരാചരണം കോളജ് പ്രിൻസിപ്പാൾ ഡോ. എൻ.സി. ജെസി ഉദ്ഘാടനം ചെയ്തു. ഫിസിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രശാന്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി കോളജ്, സ്കൂൾ തലങ്ങളിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചു. ബഹിരാകാശനേട്ടങ്ങൾ, ഇന്ത്യൻ ബഹിരാകാശ മിഷനുകൾ, ബഹിരാകാശ പഠനത്തിലെ നൂതന ആശയങ്ങളും ഭാവി സാദ്ധ്യതകളും എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് 'എക്സ്പ്ലോറിംഗ് ദി ഫ്രോണ്ടിയേഴ്സ് ഓഫ് സ്പേസ് ' എന്നപേരിൽ ഡോക്യുമെന്ററി പ്രദർശനവും നടന്നു. സ്കൂൾ വിദ്യാർത്ഥികൾക്കായി 'ഞാനുമൊരു ബഹിരാകാശ സഞ്ചാരി ആയിരുന്നെങ്കിൽ' 'എന്ന വിഷയത്തെ ആസ്പദമാക്കി സർഗാത്മക രചനാ മത്സരവും വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിപാടികളും സംഘടിപ്പിച്ചു. മുഖ്യാതിഥിയായ ആന്തൂർ എ.എൽ.പി സ്കൂൾ റിട്ട. മുഖ്യാദ്ധ്യാപകൻ ഇ. നാരായണനെ ആദരിച്ചു.