പ്രോട്ടീൻ ഗവേഷണത്തിൽ എ.ഐയും കമ്പ്യൂട്ടറും, രസതന്ത്ര നോബൽ പങ്കിട്ട് ഗൂഗിൾ,​ യു.എസ് പ്രതിഭകൾ

Thursday 10 October 2024 4:43 AM IST

സ്റ്റോക്ഹോം:പ്രോട്ടീനിന്റെ ത്രിമാന ഘടനയും ഡിസൈനും സംബന്ധിച്ച ഗവേഷണത്തിന് ഗൂഗിളിലെ രണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശാസ്‌ത്രജ്ഞരും അമേരിക്കൻ ബയോകെമിസ്ട്രി ശാസ്‌ത്രജ്ഞനും ഇക്കൊല്ലത്തെ കെമിസ്‌ട്രി നോബൽ സമ്മാനം പങ്കിട്ടു.

ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഡീപ് മൈൻഡ് ആൻഡ് ഐസോമോർഫിക് ലാബ്സ് സഹസ്ഥാപകനും സി. ഇ. ഒയുമായ ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്‌ത്രജ്ഞൻ സർ ഡെമിസ് ഹസാബിസ് ( 48), സീനിയർ റിസർച്ച് സയന്റിസ്റ്റ് ഡോ. ജോൺ ജമ്പർ ( 39), വാഷിംഗ്ടൺ യൂണിവേഴ്സിറ്റി പ്രൊഫസർ ഡേവിഡ് ബേക്കർ ( 62) എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. സമ്മാനത്തുകയായ എട്ട് കോടി രൂപയിൽ പകുതി ഡേവിഡ് ബക്കർക്കാണ്. ബാക്കി ഗൂഗിൾ ശാസ്‌ത്രജ്ഞർ പങ്കിടും.

ജീവന്റെ അടിസ്ഥാനമായ എല്ലാ രാസപ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന പ്രോട്ടീനുകളെ പറ്റിയുള്ള ഈ കണ്ടുപിടിത്തങ്ങൾ വിപ്ലവകരമാണ്.

പ്രോട്ടീനുകളുടെ ത്രീ ഡി ഘടന

അമിനോ ആസിഡ് ശ്രേണിയിൽ നിന്ന് പ്രോട്ടീനിന്റെ ത്രിമാനഘടന പ്രവചിക്കാൻ ആൽഫാ ഫോൾഡ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ വികസിപ്പിച്ചതാണ് ഗൂഗിൾ ശാസ്‌ത്രജ്ഞർക്ക് നോബൽ തിളക്കം നൽകിയത്. 50വർഷം നീണ്ട സ്വപ്നമാണ് യാഥാർത്ഥ്യമായത്. 20 വ്യത്യസ്ത അമിനോ ആസിഡുകളുള്ള പ്രോട്ടീനുകളുടെ രാസഘടനയിൽ നിന്ന് അവയുടെ ത്രിമാന ഘടന കണ്ടെത്താൻ 1970 മുതൽ ലോകമെമ്പാടും ഗവേഷണങ്ങൾ നടക്കുയായിരുന്നു. 2020ൽ ആൽഫ ഫോൾഡ് -2 എന്ന എ.ഐ സങ്കേതം വികസിപ്പിച്ചതോടെ അതിന് പരിഹാരമായി. ലോകത്ത് ഇതുവരെ കണ്ടെത്തിയ 10ലക്ഷം സ്പീഷീസിലെ 20കോടി പ്രോട്ടീനുകളുടെ ഘടനയും ഇതിലൂടെ പ്രവചിച്ചു കഴിഞ്ഞു. കോശങ്ങളിൽ പ്രോട്ടീനിന്റെ പ്രവർത്തനം നിശ്ചയിക്കുന്നത് അതിന്റെ ത്രിമാന ഘടനയാണ്.

കമ്പ്യൂട്ടർ പ്രോട്ടീനുകൾ

അമേരിക്കൻ ശാസ്‌ത്രജ്ഞൻ ഡേവിഡ് ബേക്കർ 20 വർഷം നീണ്ട കമ്പ്യൂട്ടേഷണൽ ഗവേഷണത്തിലൂടെ പുതിയ പ്രോട്ടീൻ മാതൃകകൾ സൃഷ്ടിച്ചു. പ്രകൃതിയിൽ ഇല്ലാത്ത പ്രോട്ടീനുകൾ സൃഷ്ടിക്കാനുള്ള ബേക്കറുടെ ഗവേഷണം 2023ലാണ് വിജയിച്ചത്. ഇവ മരുന്നുകളിലും വാക്സിനുകളിലും നാനോ മെറ്റീരിയലുകളിലു സെൻസറുകളിലും ഉപയോഗിക്കാം. വൈദ്യശാസ്‌ത്രത്തിലും മെറ്റീരിയൽ സയൻസിലും വിപുലമായ സാദ്ധ്യതകളുള്ള നിരവധി സാങ്കൽപ്പിക പ്രോട്ടീനുകൾ അദ്ദേഹം സൃഷ്ടിച്ചു.