ഒൻപതുകാരിക്ക് പീഡനം: പ്രതിക്ക് കഠിന തടവും പിഴയും

Thursday 10 October 2024 12:16 AM IST

കാട്ടാക്കട: ഒൻപതുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം കഠിനതടവും 42,000 രൂപ പിഴയും ശിക്ഷ വിധിച്ചു.അമ്പൂരി കോവില്ലൂർ കാരിക്കുഴി പറത്തി കാവുവിള കിഴക്കുംകര വീട്ടിൽ ബിജുവിനെയാണ് (48) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ 11മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.കുട്ടിയുടെ ഇളയച്ഛന്റെ സുഹൃത്താണ് പ്രതി.

2021 ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.ബന്ധുവീട്ടിൽ കളിച്ച ശേഷം സ്വന്തം വീട്ടിലെത്തി അനുജത്തിയുമായി ടെറസിൽ ഉണക്കാനിട്ടിരുന്ന കൊപ്ര വാരുന്നതിനിടയിൽ വീട്ടിലെ നിത്യ സന്ദർശകനായിരുന്ന പ്രതി ടെറസിൽ വച്ച് അതിജീവിതയെ ഉപദ്രവിക്കുകയായിരുന്നു.കുട്ടികൾ തഴെയെത്തി അമ്മൂമ്മയോട് വിവരം പറഞ്ഞു.

പിതാവ് മരണപ്പെട്ട കുട്ടി അമ്മൂമ്മയോടൊപ്പമായിരുന്നു താമസം.മാതാവും കുട്ടിയെ ഉപേക്ഷിച്ചു പോയിരുന്നു.തുടർന്ന് വിവരമറിഞ്ഞ ബന്ധുക്കൾ സ്കൂളിലും നെയ്യാർഡാം പൊലീസിലും പരാതി നൽകി.അന്നത്തെ നെയ്യാർഡാം ഇൻസ്പെക്ടർ ബിജോയ്,സബ് ഇൻസ്പെക്ടർമാരായിരുന്ന രമേശൻ,മനോജ് കുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്.പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 30 രേഖകളും നാല് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.