ഇടിപ്പ് നിലച്ച് സഹകരണ ഹൃദയാലയ
ലോകത്തിലെ ഏറ്റവും വലിയ ഹൃദയശില്പം പരിയാരത്തെ പഴയ സഹകരണ ഹൃദയാലയയ്ക്ക് മുന്നിലാണ്. ബ്രിട്ടനിലുള്ള 11 ഫീറ്റ് ഉയരമുള്ള ശില്പത്തെ കവച്ചുവയ്ക്കുന്ന ഈ ശില്പത്തിന് 32 ഫീറ്റാണ് ഉയരം. ഹൃദയത്തിന്റെ മാത്രം ഉയരം 16 ഫീറ്റ്. പ്രമുഖ ശില്പി മെഡിക്കൽ കോളേജിലെ ആർട്ടിസ്റ്റായിരുന്ന തൃക്കരിപ്പൂർ രവീന്ദ്രനാണ് നിർമ്മിച്ച ഈ ശില്പം 2016ലാണ് അനാച്ഛാദനം ചെയ്തത്.
ഇപ്പോൾ കാടുകയറിക്കിടക്കുന്ന അന്താരാഷ്ട്ര പ്രശസ്തി നേടിയ ഈ ശില്പം വിളിച്ചുപറയുന്നത് സഹകരണ ഹൃദയാലയയുടെ ശോച്യാവസ്ഥയാണ്.
ഇന്ത്യയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബംഗളൂരു നാരായണ ഹൃദയാലയയുമായി സഹകരിച്ച് 2003ൽ ആരംഭിച്ച ആശുപത്രി അന്ന് ഒരു മഹാസംഭവം തന്നെയായിരുന്നു. 10 പ്രമുഖരായ കാർഡിയോളജിസ്റ്റുകളാണ് ഇവിടെ സേവനം ചെയ്തിരുന്നത്. 24 മണിക്കൂറും ബൈപ്പാസ് സർജറി ചെയ്യാനുള്ള സംവിധാനത്തോടൊപ്പം ആഞ്ജിയോപ്ലാസ്റ്റി, ആഞ്ജിയോഗ്രാം സംവിധാനങ്ങളും ഏത് സമയത്തും ലഭ്യമായിരുന്നു. പൂർണമായും ശീതീകരിച്ച ആശുപത്രിയിൽ രോഗിക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവും ആശുപത്രി അധികൃതർ നൽകിയിരുന്നു. അത്യാഹിതവിഭാഗത്തിലേക്ക് രോഗി വരുന്ന വിവരം ഫോൺചെയ്ത് നേരത്തെ അറിയിച്ചാൽ എല്ലാ സംവിധാനങ്ങളും സജ്ജമാക്കും. 200 കിടക്കകളുള്ള ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ മാത്രം 60 കിടക്കകളാണുണ്ടായിരുന്നത്.
മറ്റ് ആശുപത്രികളെ അപേക്ഷിച്ച് ഹൃദയാലയയിൽ താങ്ങാനാവുന്ന ഫീസ് മാത്രമേ ഈടാക്കിയിരുന്നുള്ളൂ. വിദേശങ്ങളിൽ നിന്നുപോലും ആളുകൾ അന്ന് ചെറിയ തുകയ്ക്ക് മികച്ച ചികിത്സ തേടി ഇവിടെയത്തി. രാഷ്ട്രീയ പോര് രൂക്ഷമായതോടെ 2004ൽ നാരായണ ഹൃദയാലയ ബന്ധം വിച്ഛേദിച്ചു. എന്നാൽ ലോകപ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. എസ്.എം. അഷറഫിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം ഹൃദയാലയയെ ഹൃദയത്തോട് ചേർത്തുപിടിച്ചു മുന്നോട്ടുപോയി. എന്നാൽ ക്രമേണ നിരവധി കാരണങ്ങളാൽ ഹൃദയാലയുടെ പ്രശസ്തിയുടെ ഗ്രാഫ് താഴുകയായിരുന്നു.
ബൈപ്പാസ് നിലച്ചിട്ട് 10 മാസം
2003ൽ ആരോഗ്യകേരളത്തിന് പ്രതീക്ഷയായി ഉയർന്ന സഹകരണ ഹൃദയാലയ ഇന്നില്ല, പകരം വെറും കാർഡിയോളജി വകുപ്പ് മാത്രം. 2018ൽ സർക്കാർ ഏറ്റെടുത്തതിന്റെ ഏറ്റവും വലിയ ദുരന്തം അനുഭവിക്കേണ്ടി വന്നത് സാധാരണക്കാരായ ഹൃദ്രോഗികളായിരുന്നു. മെഡിക്കൽ കോളേജിലെ മറ്റുവിഭാഗങ്ങളിലെ ഡോക്ടർമാരെ സർക്കാർ ഉദ്യോഗസ്ഥരായി മാറ്റിയപ്പോൾ കാർഡിയോളജി വിഭാഗം ഡോക്ടർമാരെ പരിഗണിച്ചില്ല. അവഗണനയിൽ പ്രതിഷേധിച്ച് പ്രഗൽഭരായ പല ഡോക്ടർമാരും രാജിവെച്ച് സ്വകാര്യ ആശുപത്രികളിലേക്ക് പോയി. അപ്പോഴും ഡോ. എസ്.എം. അഷറഫിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഡോക്ടർമാർ ചികിത്സ ഉറപ്പാക്കാൻ കിണഞ്ഞു പരിശ്രമിച്ചപ്പോഴാണ് കാത്ത്ലാബ് പണിമുടക്കിയത്. അതോടെ ഹൃദയശസ്ത്രക്രിയ മുടങ്ങുകയും 51 രോഗികളെ തിരിച്ചയയ്ക്കുകയും ചെയ്യേണ്ടിവന്നു. രണ്ട് കാത്ത്ലാബുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ 10 മാസമായി ബൈപ്പാസ് സർജറി പൂർണ്ണമായും നിലച്ചിരിക്കയാണ്. നവീകരണപ്രവൃത്തികളുടെ ഭാഗമായി വാർഡുകൾ അടച്ചുപൂട്ടി എട്ടാംനിലയിലേക്ക് മാറ്റിയതോടെ കാർഡിയോളജി വിഭാഗത്തിന്റെ കഥകഴിഞ്ഞു എന്നുതന്നെ പറയാം.
അടിസ്ഥാന പ്രശ്നങ്ങൾ മനസിലാക്കി ആത്മാർത്ഥമായി പരിഹാരത്തിന് ശ്രമിച്ചാൽ ഇന്നത്തെ പ്രശ്നങ്ങൾക്ക് വലിയൊരളവിൽ പരിഹാരം കാണാനാവും അതേക്കുറിച്ച് നാളെ.
എങ്ങിനെ നല്ലനിലയിൽ നടന്നുവരുന്ന ഒരു ആശുപത്രിയെ നശിപ്പിക്കാം എന്നതിന് ഹൃദയാലയ കാർഡിയോളജി വിഭാഗമാക്കി മാറ്റിയതിലും വലിയ ഉദാഹരണം വേറെ വേണ്ട.
എസ്. ശിവസുബ്രഹ്മണ്യൻ, ജനകീയാരോഗ്യവേദി കൺവീനർ