വീടുകയറി ആക്രമണം: നാലു പേർ അറസ്റ്റിൽ
ഏറ്റുമാനൂർ: മദ്ധ്യവയസ്‌കയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ അച്ഛനും മകനുമടക്കം നാല് പേർ അറസ്റ്റിൽ. കടപ്ലാമറ്റം പടിഞ്ഞാറെക്കുറ്റ് ജേക്കബ് (66), ഇയാളുടെ മകൻ റിന്റോ (30), റിന്റോയുടെ സുഹൃത്തുക്കളായ കിടങ്ങൂർ കട്ടച്ചിറ തെക്കേതൊട്ടിയിൽ വിഷ്ണു (30), കൂടല്ലൂർ മൂലക്കോണം പറയനാട്ട് അശ്വിൻ (25) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കട്ടച്ചിറ സ്വദേശിനിയായ മദ്ധ്യവയസ്‌കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരുടെ മകനെ മർദ്ദിക്കുകയായിരുന്നു. ജേക്കബിന് മദ്ധ്യവയസ്‌കയുടെ മകനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതേ തുടർന്നാണ് അക്രമണം. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് നടത്തിയ തിരച്ചിലിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടി. സ്റ്റേഷൻ എസ്.എച്ച്.ഒ എ.എസ് അൻസൽ, എസ്.ഐമാരായ ജയപ്രകാശ്, ഗിരീഷ്, സിനിൽ സി.പി.ഒമാരായ ജോസ്, മനോജ്, ഡെന്നി, സെയ്ഫുദ്ദീൻ, അനീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.