പാരമ്പര്യ സ്വരമാധുരിയിൽ രാഗാർദ്ര സംഗീതം

Thursday 10 October 2024 12:10 AM IST
ചിറക്കല്‍ കോവിലകം രാഗാര്‍ദ്ര സംഗീത ഗുരുകുലത്തിലെ രാധാവര്‍മ്മ, മഞ്ജുള വര്‍മ്മ , ആര്‍ദ്രരാജ എന്നിവര്‍ക്കൊപ്പം നവരാത്രി മണ്ഡപത്തില്‍ അരങ്ങേറ്റം നടത്തിയശിഷ്യര്‍

ചിറക്കൽ: നവരാത്രി മണ്ഡപത്തിൽ പാരമ്പര്യ സംഗീതം പിന്തുടർന്ന് രാഗാർദ്ര സംഗീതവുമായി ചിറക്കൽ കോവിലകം. കണ്ണൂർ ദസറയിൽ വിവിധ നവരാത്രി മണ്ഡപങ്ങളിൽ എട്ടോളം സംഗീത പഠിതാക്കൾ ഇക്കുറി അരങ്ങേറ്റം കുറിച്ചതോടെ സംഗീത ഗുരുപരമ്പരയിൽ ചിറക്കൽ കിഴക്കേ കോവിലകത്തെ മൂന്നാം തലമുറയുടെ പിറവി കൂടിയായി.

600 വർഷം മുമ്പ് രാജ്ഞി പാടിയ ഉറക്കുപാട്ടായ ആളുന്തി രാഗത്തിൽ മഹാകവി ചെറുശ്ശേരിയോട് കൃഷ്ണഗാഥ എഴുതാൻ ആവശ്യപ്പെട്ട ഉദയവർമ്മൻ കോലത്തിരിയുടെ താവഴികൾ സ്വരമാധുരി സംരക്ഷിച്ചു വരുന്നു. ശ്രീകൃഷ്ണ മതിലകം ക്ഷേത്രത്തിനടുത്ത കച്ചേരി മാളിക കോവിലക കെട്ട് ആ രാഗപാരമ്പര്യം ആർദ്രരാഗ ഗുരുകുലത്തിലൂടെ തുടരുകയാണ്.

നാലു പതിറ്റാണ്ടു മുമ്പ് കിഴക്കേ കോവിലകത്തെ രാധാവർമ്മ ചിറക്കൽ കോവിലകം ഭജന സന്ധ്യ എന്ന പേരിൽ ഒരു കൂട്ടായ്മ രൂപവത്കരിച്ചിരുന്നു. ഉത്തര കേരളത്തിലെ വിവിധ വേദികളിൽ കോവിലകം കൂട്ടായ്മ ഭജന സന്ധ്യ നടത്തി. രാധാ വർമ്മയുടെ മകൾ മഞ്ജുള വർമ്മ പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളജിൽ ഉന്നത പഠനം നടത്തി സംഗീത അദ്ധ്യാപികയായതോടെ അവരുടെ കീഴിൽ കോവിലകത്തെ സംഗീത ഗുരുകുലം വളർന്നു. ഇപ്പോൾ മഞ്ജുള വർമ്മയുടെ മകൾ ആർദ്ര രാജ ഉന്നത വിദ്യാപഠനം കഴിഞ്ഞ് കുട്ടികളെ സംഗീതം പഠിപ്പിച്ച് നവരാത്രി മണ്ഡപങ്ങളിൽ അരങ്ങേറ്റം നടത്തിയതോടെ മൂന്നാം തലമുറയിലൂടെ ആ പാരമ്പര്യം സ്വരഗംഗാപ്രവാഹമായി ഒഴുകുകയാണ്. ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടത്തും കണ്ണൂർ പിള്ളയാർ കോവിലിലുമായാണ് അരങ്ങേറ്റം നടന്നത്. പിള്ളയാർ കോവിലിൽ അരങ്ങേറ്റം വീക്ഷിക്കാൻ പ്രശസ്ത സംഗീതജ്ഞൻ എടയാർ ശങ്കരൻ നമ്പൂതിരിയും രാധാവർമ്മയും അംബികാ വർമ്മയും ഉൾപ്പെടെയുള്ള സഹൃദയർ എത്തിയിരുന്നു. ഇന്ന് ചിറയ്ക്കൽ ചിറ പടിഞ്ഞാറേക്കര ദുർഗ്ഗാ ക്ഷേത്രത്തിൽ ഇവർ രാഗാർദ്ര സംഗീത കച്ചേരി നടത്തും.