ഹോട്ടലുകളിലെ മലിനജല സംസ്കരണം നാളെ മുതൽ

Thursday 10 October 2024 2:03 AM IST

ആലപ്പുഴ : ഹോട്ടലിലെ മലിനജലപ്രശ്നത്തിന് പരിഹാരമായി ഹരിതകേരള മിഷന്റെ മേൽനോട്ടത്തിൽ സ്ക്വാസ് സൊലൂഷൻസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംസ്കരണസംവിധാനം ആലപ്പുഴ നഗരത്തിൽ നാളെമുതൽ പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകും. ഓണത്തിന് മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചിരുന്നു. ചെറുതും വലുതുമായ രണ്ടുഡസനോളം ഹോട്ടലുകളിലെ മലിനജലമാണ് നാളെമുതൽ സംസ്കരിക്കുക.

കോഴിക്കോട് നഗരത്തിൽ കനാൽ ശുദ്ധീകരണ പ്രവർത്തനത്തിന്റെ പരീഷണം നടത്തിവരുന്ന പയ്യന്നൂർ സ്വദേശിയും കമ്പ്യൂട്ടർ വിദഗ്ദ്ധനുമായ ഡോ.ഹരീഷ് നമ്പ്യാരുടെ നേതൃത്വത്തിലുള്ളതാണ് സ്ക്വാസ് സൊലൂഷൻ. സംസ്കരണത്തിനായി ഐഷർ വാഹനത്തിൽ ഘടിപ്പിച്ച മൊബൈൽ സംസ്കരണ യൂണിറ്റ് ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപം നഗരസഭ അനുവദിച്ച സ്ഥലത്തെത്തിച്ചിട്ടുണ്ട്. നഗരത്തിലെ മിക്ക ഹോട്ടലുകളുടെയും മുൻവശത്താണ് മാലിന്യടാങ്കുകളുള്ളത്. പ്രവർത്തനസമയത്ത് ഹോട്ടലുകൾക്ക് മുന്നിൽ മൊബൈൽ യൂണിറ്റെത്തിച്ച് മലിനജലം സംസ്കരിക്കുന്നത് ദുർഗന്ധത്തിനും ഭക്ഷണംകഴിക്കാനെത്തുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന കാരണത്താലാണ് ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപത്തേക്ക് മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനം മാറ്റിയത്.

ചെറിയ ടാങ്കറുകളിൽ ഹോട്ടലുകളിലെ മാലിന്യം പമ്പ് ചെയ്തു കയറ്റി ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപമെത്തിച്ച് ശുദ്ധീകരിക്കും

ലിറ്ററിന് 30 പൈസ നിരക്കിൽ ഹോട്ടലുടമകൾ ഫീസായി നൽകേണ്ടിവരും.

സ്ഥലസൗകര്യമുള്ള ഹോട്ടലുകൾക്ക് സ്വന്തം നിലയ്ക്ക് മലിനജലസംസ്കരണ സംവിധാനം സ്ഥാപിക്കാം. 5000 ലിറ്റർ വരെ ശുദ്ധീകരിക്കാവുന്ന സംവിധാനത്തിന് രണ്ടുലക്ഷം രൂപ ചെലവാകും.

സംസ്കരണം ഇങ്ങനെ

ജലത്തിലെ 90ശതമാനം മാലിന്യവും നീക്കംചെയ്യാൻ ഈ സംവിധാനത്തിലെ ധാതുക്കളുടെ മിശ്രിതം വഴി കഴിയും. മലിന ജലത്തിലേക്ക് പൊടിരൂപത്തിലുള്ള മിശ്രിതം ചേർത്ത് മോട്ടോർ ഉപയോഗിച്ച് ശക്തമായി ഇളക്കി ഖരമാലിന്യങ്ങൾ അവക്ഷിപ്തമാക്കി മാറ്റും.

സ്ക്രൂ പ്രസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇതിനെ കേക്കാക്കും.അവക്ഷിപ്തവും സംസ്കരണശേഷമുളള ജലവും കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കാം

ശുദ്ധീകരണത്തിലും കടമ്പകളേറെ

1.പൈലറ്റ് പദ്ധതിയെന്ന നിലയിൽ മലിനജലം ശുദ്ധീകരിച്ചശേഷം കനാലുകളിലേക്കോ നദികളിലേക്കോ ഒഴുക്കാൻ കഴിയുന്നതാണെന്ന് തെളിയിക്കണം

2. അരിച്ചെടുക്കുന്ന മാലിന്യമുൾപ്പെട്ട സ്ളഡ്ജ് മണ്ണിനോ ഭൂമിക്കോ യാതൊരുവിധ പരിസ്ഥിതിപ്രശ്നങ്ങളുമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം

3. അരിച്ചെടുത്തവെള്ളം മത്സ്യങ്ങളുൾപ്പെടെ ജലജീവികളുടെ ജീവനോ നിലനിൽപ്പിനോ ഭീഷണിയല്ലെന്ന് തെളിയിക്കണം

(ഇക്കാര്യങ്ങളിലെല്ലാം മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാക്ഷ്യപത്രം നേടിയെടുത്താലേ പദ്ധതി പ്രവർത്തനക്ഷമമാക്കാൻ കഴിയൂ)​

സഹായം വേണം

4.തുച്ഛമായ നിരക്കിൽ പദ്ധതി നിർവഹിക്കാമെന്ന് സമ്മതിച്ച സ്ക്വാസ് സൊലൂഷൻസിന് അതിനാവശ്യമായ മാനവശേഷിയ്ക്ക് സന്നദ്ധസംഘടനകളുടെ സഹായം വേണം. എസ്.ഡി കോളേജിലെ എൻ.എസ്.എസ് യൂണിറ്റാണ് നിലവിൽ സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്.

നഗരത്തിൽ ഹോട്ടലുകൾ : 242

പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ പദ്ധതി ജനകീയമാക്കാം

- ഡോ.ഹരിഷ് നമ്പ്യാർ,​ സ്ക്വാസ് സൊലൂഷൻസ്