ഓർമ്മയുണ്ടോ ഈ മുഖം.... ? മറന്നിട്ടു വേണ്ടേ ഓർക്കാൻ !!

Wednesday 09 October 2024 10:36 PM IST

പാലാ: ജീവിതത്തിലെ ഒറ്റക്കൊമ്പനെ തേടി സിനിമയിൽ ഒറ്റക്കൊമ്പനാകാനൊരുങ്ങുന്നയാൾ എത്തി. കുരുവിനാക്കുന്നേൽ കുറുവച്ചന്റെ തലയെടുപ്പിന് മുന്നിൽ തൊഴുകൈകളോടെ സുരേഷ്‌ ഗോപി. 'ഓർമ്മയുണ്ടോ ഈ മുഖം......' ചിരിച്ചുകൊണ്ട് കുറുവച്ചന്റെ ചോദ്യം, 'മറന്നിട്ട് വേണ്ടേ ഓർക്കാൻ.....' സുരേഷ് ഗോപിയുടെ മറുപടി. ഒറ്റക്കൊമ്പൻ സിനിമയ്ക്ക് കാരണഭൂതനായ ജീവിത നായകൻ ഇടമറ്റം കുരുവിനാക്കുന്നേൽ കുറുവച്ചനെ കാണാൻ സിനിമയിലെ നായകഥാപാത്രമായി പകർന്നാടാനിരിക്കുന്ന സുരേഷ്‌ഗോപി എത്തിയപ്പോൾ അതൊരു 'സീൻ' ആയി. ഇന്നലെ ഉച്ചയോടെയാണ് കേന്ദ്രമന്ത്രി എത്തിയത്. തന്റെ നാല് കെട്ടിലേക്ക് സുരേഷ് ഗോപിയെ കുറുവച്ചൻ കൈപിടിച്ച് ആനയിച്ചു.

'കുറുവച്ചൻ ചേട്ടാ, നമ്മൾ നേരത്തേ കാണേണ്ടവരായിരുന്നു. പക്ഷേ ഇപ്പോഴാണ് അതിന് സമയമായത്.....' സുരേഷ് ഗോപി പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് തലയാട്ടിയ കുറുവച്ചന്റെ മറുപടി ; 'കടുവ 'യൊക്കെ പണ്ടായിരുന്നു ഇപ്പോൾ പല്ലെല്ലാം പോയി.....' കുറുവച്ചന്റെ വാക്കുകളിലെ തമാശ ചിരിപടർത്തി. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഇരുവരും സംസാരിച്ചുകൊണ്ടേയിരുന്നു. സുരേഷ് ഗോപി കുറുവച്ചനെ പൊന്നാടയണിയിച്ച് ആദരിച്ചു. കൊല്ലത്തുനിന്ന് പ്രത്യേകം തയ്യാറാക്കികൊണ്ടുവന്ന അച്ചപ്പവും കുറുവച്ചന് നൽകി. ഒരുമണിക്കൂറോളം കുറുവച്ചന്റെ വീട്ടിൽ ചിലവഴിച്ചശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

അനുമതി ലഭിച്ചാൽ ഒറ്റക്കൊമ്പനായി വരും

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ കുറുവച്ചന്റെ ജീവിത കഥ പറയുന്ന ഒറ്റക്കൊമ്പനെന്ന ചിത്രത്തിൽ താൻ അഭിനയിക്കുമെന്ന് സുരേഷ് ഗോപി പിന്നീട് മാധ്യമപ്രവത്തകരോട് പറഞ്ഞു. സംഭവബഹുലമായ തന്റെ ജീവിതകഥ സിനിമയാക്കുമ്പോൾ സുരേഷ് ഗോപി തന്നെ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്ന് കുറുവച്ചൻ പറഞ്ഞു.