'തിയോ, നീ എന്നെന്നും ജീവിക്കും" കല്യാണി പ്രിയദർശൻ

Thursday 10 October 2024 2:49 AM IST

പ്രിയപ്പെട്ട വളർത്തുനായ തിയോയുടെ വേർപാടിൽ താൻ തകർന്നുവെന്ന് കല്യാണി പ്രിയദർശൻ. നായയോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവച്ചാണ് കല്യാണിയുടെ കുറിപ്പ്. ''ഈ വാരം ആദ്യം തിയോ ഞങ്ങളോട് വിടപറഞ്ഞു. സത്യത്തിൽ അന്ന് മുതൽ ഞാൻ ആകെ തകർന്നിരിക്കുകയാണ്. നല്ലൊരു മനസിന് ഉടമയായിരുന്നു അവൻ. ചെറിയ ശരീരമാണെങ്കിലും വലിയൊരു മനുഷ്യന്റെ ഉൗർജ്ജം അവനുണ്ടായിരുന്നു. വീട്ടുടമ എന്നായിരുന്നു ഞങ്ങൾ അവനെ വിളിച്ചിരുന്നത്. ഇതവന്റെ വീട് ആയിരുന്നു. ഞാൻ അവിടത്തെ താമസക്കാരനും. അവനെ ഓമനിക്കുന്നവരെ മാത്രമേ അവൻ കടത്തിവിട്ടിരുന്നുള്ളൂ. എല്ലാ വേനൽക്കാലത്തും അവന് അസാധാരണമായ ഒരു ഹെയർ കട്ട് ചെയ്യാറുണ്ട്. കാരണം സലൂണിൽ ഉളളവർക്ക് അവന്റെ കുസൃതി കാരണം എന്തു ചെയ്യണം എന്ന് അറിയില്ല. അവനോട് സ്നേഹം കാണിച്ച എല്ലാവരോടും ഞാൻ നന്ദി പറയുകയാണ്. എന്റെ വേദനയിൽ പങ്കുചേർന്നവരോട് ഒരുപാട് നന്ദി. തിയോ നിന്നോട് ഞാൻ ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ ഒപ്പമുണ്ടായിരുന്നില്ല. നമ്മുടെ വളർത്തുമൃഗങ്ങൾ കഥകളിലൂടെ ജീവിക്കുമെന്ന് ഒരാൾ എന്നോട് പറഞ്ഞു . നീയും എന്നെന്നും ജീവിക്കുമെന്ന് ഞാൻ ഉറപ്പുതരികയാണ്. ഐ ലവ് യു തിയോ". കല്യാണി കുറിച്ചു. പാർവതി തിരുവോത്ത്. രഞ്ജിനി ഹരിദാസ്. രജിഷ് വിജയൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങൾ കല്യാണിയുടെ വേദനയിൽ പങ്കുചേർന്ന് കമന്റ് ചെയ്തു.