കേരള കോൺ: പിളർപ്പുകളുടെ കാലം കഴിഞ്ഞെന്ന് ജോസ്

Thursday 10 October 2024 1:57 AM IST

കോട്ടയം: കേരള കോൺഗ്രസിൽ പിളർപ്പുകളുടെ കാലം കഴിഞ്ഞെന്നും കർഷക വിഷയങ്ങളിൽ യോജിച്ചു നിന്നു സംസ്ഥാന താൽപര്യങ്ങൾക്കായി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും കേരള കോൺഗ്രസ് 60ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത ജോസ് കെ മാണി പറഞ്ഞു. കെ.എം മാണിയുടെ രാഷ്ട്രീയ ദർശനങ്ങൾ അംഗീകരിക്കുന്നവരുടെ മുന്നിൽ പാർട്ടിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും കോട്ടയത്ത് കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സമ്മേളനത്തിൽ ജോസ് വ്യക്തമാക്കി.വൈസ് ചെയർമാൻ ഡോ. എൻ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. കേരള ജനതയുടെ താത്പര്യം സംരക്ഷിക്കാനും സംസ്ഥാനത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാനും കേരള കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പറഞ്ഞു. കേരളാ കോൺഗ്രസിന്റെ 60ാം ജന്മദിന സമ്മേളനവും ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുസർക്കാരിന്റെ ദുർഭരണത്തിനെതിരെ യു.ഡി.എഫ് മുന്നണിയുടെ പോരാട്ടങ്ങൾ ശക്തിപ്പെടുത്താൻ കേരള കോൺഗ്രസിന്റെ ജനകീയാടിത്തറ വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി വർക്കിംഗ് ചെയർമാൻ പി. സി. തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ, സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ഡെപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ്ജ് എം.പി., തോമസ് ഉണ്ണിയാടൻ, ജോസഫ് എം. പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു. കേരള കോൺഗ്രസ് പാർട്ടി ജന്മം കൊണ്ട തിരുനക്കരയിൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് 60ാം ജൻമദിനം ആഘോഷിച്ചു.പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ ഡോ.ദിനേശ് കർത്ത അദ്ധ്യക്ഷത വഹിച്ചു.