പ്രവാസി ക്ഷേമബോർഡിൽ വിദേശ മലയാളി ചെയർമാനാകും
Thursday 10 October 2024 1:00 AM IST
തിരുവനന്തപുരം: പ്രവാസി ക്ഷേമബോർഡിൽ വിദേശ മലയാളിയെ ചെയർമാനാക്കും. 15അംഗ ഡയറക്ടർ ബോർഡ് രൂപീകരിക്കാനും സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചു. ചെയർമാന്റെ കാലാവധി സർക്കാരിന് തീരുമാനിക്കാം. ക്ഷേമനിധി ബോർഡ് ഭരണകാര്യങ്ങളിൽ സർക്കാരിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന നിയമഭേദഗതി മന്ത്രി പി.രാജീവാണ് അവതരിപ്പിച്ചത്. സഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
ജസ്റ്റിസ് കെ.ടി.തോമസിന്റെ നേതൃത്വത്തിലുള്ള നിയമപരിഷ്ക്കരണ കമ്മിഷൻ ശുപാർശയനുസരിച്ച്, കാലാഹരണപ്പെട്ടതും ബാധ്യതയില്ലാത്തതുമായ 110 നിയമഭേദഗതികൾ ഒഴിവാക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്ന കേരള റദ്ദാക്കലും ഒഴിവാക്കലും ബില്ലും പാസാക്കി. മന്ത്രി പി.രാജീവ് അവതരിപ്പിച്ച ബിൽ സഭ ചർച്ചയൊന്നും കൂടാതെയാണ് അംഗീകരിച്ചത്.