തിരുവോണം ബമ്പർ 25 കോടി വയനാട്ടിൽ
തിരുവനന്തപുരം: ഓണം ബമ്പർ ഒന്നാംസമ്മാനമായ 25 കോടി രൂപ എത്തുന്നത് വൻദുരന്തത്തിന്റെ മുറിപ്പാടുണങ്ങാത്ത വയനാട്ടിൽ. പനമരത്തെ എസ്.കെ ലോട്ടറി ഏജൻസി ഉടമ എ.എം. ജിനീഷ് ബത്തേരി ബ്രാഞ്ചിൽ വിറ്റ ടിജി 434222 നമ്പർ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. എസ്.കെ ലക്കി സെന്റർ ഹോൾസെയിലിൽ കൊടുത്ത ടിക്കറ്റ് ബത്തേരിയിലെ നാഗരാജിന്റെ എൻ.ജി.ആർ ലോട്ടറീസിൽ നിന്നാണ് സമ്മാനാർഹൻ വാങ്ങിയത്. ഭാഗ്യവാനെ തിരിച്ചറിഞ്ഞിട്ടില്ല ഓരോ കോടി വീതം 20 പേർക്ക് നൽകുന്ന രണ്ടാംസമ്മാനത്തിൽ അഞ്ചെണ്ണം തിരുവനന്തപുരത്തിനും നാലെണ്ണം വീതം പാലക്കാടിനും കൊല്ലത്തിനും മൂന്നെണ്ണം തൃശ്ശൂരിനും രണ്ടെണ്ണം പത്തനംതിട്ടയ്ക്കും ഒരെണ്ണം വീതം മലപ്പുറത്തിനും കണ്ണൂരിനും ലഭിച്ചു. മൂന്നാംസമ്മാനമായി 50 ലക്ഷം വീതം ഓരോ പരമ്പരയിലും രണ്ടുവീതം 20 പേർക്കും നാലാംസമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാംസമ്മാനമായി രണ്ടുലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു. ആകെ സമ്മാനങ്ങൾ 5,34,670.
ഗോർഖിഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് ഒന്നാംസമ്മാനത്തിന്റെ നറുക്കെടുപ്പ് നിർവഹിച്ചത്. രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന വി.കെ.പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ സ്വാഗതം പറഞ്ഞു. ജോയിന്റ് ഡയറക്ടർമാരായ മായ എൻ.പിള്ള (അഡ്മിനിസ്‌ട്രേഷൻ), എം.രാജ് കപൂർ (ഓപ്പറേഷൻസ്) തുടങ്ങിയവർ സംബന്ധിച്ചു. തിരുവോണം ബമ്പറിൽ അച്ചടിച്ച 80 ലക്ഷം ടിക്കറ്റുകളിൽ 71,43,008 ടിക്കറ്റുകളാണ് വിറ്റുപോയത്.
25 കോടി കടന്നുപോയത് 'മൈസൂരി സ്റ്റാളിൽ'
സുൽത്താൻബത്തേരി: 25 കോടിയുടെ ഓണം ബമ്പർ വിറ്റത് മൈസൂരി സഹോദരങ്ങൾ നടത്തുന്ന സുൽത്താൻ ബത്തേരിയിലെ സ്റ്റാളിൽ. മൈസൂരു ബന്നൂരിലെ നാഗരാജും സഹോദരൻ മഞ്ജുനാഥും എം.ജി റോഡിൽ നടത്തുന്ന എൻ.ജി.ആർ ലോട്ടറി സ്റ്റാളിലേക്കാണ് മഹാഭാഗ്യം കടന്നുവന്നത്. ഒരു മാസം മുമ്പാണ് ഇവിടെ നിന്നു ടിക്കറ്റ് വിറ്റത്. നേരത്തെ വിൻ വിൻ ലോട്ടറിയുടെ 75 ലക്ഷം രൂപ ഇവർ വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു. ''25 കോടി ലഭിച്ച നമ്പർ ടെലിവിഷൻ സ്ക്രീനിൽ തെളിഞ്ഞപ്പോൾ തന്നെ താൻ വിറ്റ ടിക്കറ്റാണതെന്ന് മനസിലായി. അതിനിടെ റീട്ടെയിൽ ഏജൻസിയുടെ ഫോണും വന്നു.""- നാഗരാജ് പറഞ്ഞു.