ഗവർണർക്ക് ഉദ്യോഗസ്ഥരെ വിളിപ്പിക്കാൻ അവകാശം
തിരുവനന്തപുരം:സംസ്ഥാനത്തെ എക്സിക്യുട്ടീവ് തലവനായ ഗവർണർക്ക് ചീഫ്സെക്രട്ടറിയെയും പൊലീസ് മേധാവിയെയും വിളിച്ചുവരുത്തുന്നതിനോ ചോദ്യങ്ങൾ ചോദിക്കുന്നതിനോ നിയമപരവും ഭരണഘടനാപരവുമായും തടസമില്ല. പക്ഷേ, സർക്കാർ നടപടികളെക്കുറിച്ച് അഭിപ്രായമോ വിശദീകരണമോ നൽകണമെന്ന് നിർബന്ധിക്കാനാവില്ല. ഇതിനുള്ള അധികാരം സർക്കാരിനാണ്. ഗവർണർ വിളിച്ചാൽ പോകരുതെന്ന് സർക്കാരിനും പറയാനാവില്ല.
ഭരണകാര്യങ്ങളും സംസ്ഥാനത്തെ പൊതുകാര്യങ്ങളും അറിയാനുള്ള ഗവർണറുടെ അവകാശം അലംഘനീയമാണെന്നും ഉദ്യോഗസ്ഥരെ കാണുന്നതിൽ നിന്ന് ഭരണഘടനയോ ,നടപടിച്ചട്ടങ്ങളോ ഗവർണറെ വിലക്കുന്നില്ലെന്നും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ എം.ആർ അഭിലാഷ് വ്യക്തമാക്കി. ഗവർണറെ വിവരങ്ങൾ അറിയിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്.. ചീഫ്സെക്രട്ടറി എന്തു ചെയ്യണമെന്ന് ഗവർണർക്ക് നിർദ്ദേശിക്കാനാവില്ല
ചീഫ്സെക്രട്ടറിയെ ഗവർണർ വിളിച്ചതിൽ നിയമപരമായി യാതൊരു പ്രശ്നവുമില്ലെന്ന് ഹൈക്കോടതി റിട്ട.ജഡ്ജി ജസ്റ്റിസ് ബി.കെമാൽപാഷ പറഞ്ഞു. ഉദ്യോഗസ്ഥരെല്ലാം എക്സിക്യുട്ടീവ് ഹെഡായ ഗവർണർക്ക് കീഴിലാണ്. ഉദ്യോഗസ്ഥർ ഗവർണറെ കാണുന്നത് മര്യാദയുടെ പ്രശ്നമാണ്. സർക്കാർ പറയേണ്ട അഭിപ്രായം ഉദ്യോഗസ്ഥർക്ക് പറയാനാവില്ല. സർക്കാരിന്റെ നയം മാത്രമാണ് ഉദ്യോഗസ്ഥർ പറയേണ്ടത്.
ഗവർണർ ചീഫ്സെക്രട്ടറിയെയും ഡിജിപിയെയും വിളിക്കരുതെന്ന് പറയാനാവില്ലെന്ന് മുൻ ചീഫ്സെക്രട്ടറി എസ്.എം.വിജയാനന്ദ് പറഞ്ഞു. പക്ഷേ, മലപ്പുറം പരാമർശത്തിലെ വിശദീകരണം അവർക്ക് നൽകാനാവില്ല. അത് നൽകേണ്ടത് സർക്കാരാണ്. എന്നാൽ ഒരു പ്രത്യേക സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ആവശ്യപ്പെടാം. എന്നാൽ ഭരണഘടനയുടെ 167അനുച്ഛേദ പ്രകാരം ഗവർണർ മുഖ്യമന്ത്രിയോടാണ് വിവരങ്ങൾ തേടേണ്ടതെന്നും അറിയിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും അഡ്വ.കാളീശ്വരം രാജ് പറഞ്ഞു..
നടപടി ഇതാദ്യമല്ല
ശബരിമല യുവതീപ്രവേശനത്തിലെ ക്രമസമാധാന പ്രശ്‌നങ്ങളറിയാൻ ഡിജിപി ബെഹ്റയെ ഗവർണറായിരുന്ന പി.സദാശിവം വിളിച്ചുവരുത്തി.
കണ്ണൂരിൽ ചരിത്ര കോൺഗ്രസ് വേദിയിലെ അനിഷ്ടസംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾതേടി ഇന്റലിജൻസ് മേധാവിയെ ഗവർണർ ഖാൻ വിളിപ്പിച്ചു.
ബാർ കോഴക്കേസിൽ 2മുൻമന്ത്രിമാർക്കെതിരേ അന്വേഷണാനുമതി നൽകുന്നതിനായി വിജിലൻസ് ഡയറക്ടറെ വിളിച്ചുവരുത്തി.
സംസ്ഥാനത്ത് അടിക്കടി രാഷ്ട്രീയ കൊലകളുണ്ടായപ്പോൾ വിശദീകരണം തേടി ഡിജിപിയെ ഗവർണറായിരുന്ന പി.സദാശിവം വിളിച്ചുവരുത്തി.
പേട്ടയിൽ കാർ തടഞ്ഞ് ആക്രമിച്ചതിൽ വിശദീകരണം തേടി ചീഫ്സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചു വരുത്തി.
ന്യായീകരിച്ച് ഗവർണർ
മുഖ്യമന്ത്രി വിശദീകരിക്കാതിരുന്നതിനാലാണ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. . ഭരണഘടനാപരമായി മര്യാദയില്ലാത്ത നടപടിയല്ല അത്. ഗവർണർക്ക് വിവരങ്ങൾ നൽകേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ചുമതല.