മിൽട്ടൺ ചുഴലിക്കാറ്റ്:ജാഗ്രത, ഫ്ലോറിഡയിൽ കൂട്ടപലായനം
ഫ്ലോറിഡ: ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ ഗണത്തിൽപ്പെടുന്ന മിൽട്ടൺ ചുഴലിക്കാറ്റ് പ്രദേശിക സമയം ഇന്ന് പുലർച്ചെ യു.എസിലെ ഫ്ലോറിഡ തീരം തൊടും. ഒരു നൂറ്റാണ്ടിനിടെ സംസ്ഥാനത്ത് ആഞ്ഞടിക്കുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരിക്കും ഇതെന്ന് മുന്നറിയിപ്പ് നൽകിയ പ്രസിഡന്റ് ജോ ബൈഡൻ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അഭ്യർത്ഥിച്ചു.അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആളുകൾ കൂട്ട പലായനം ചെയ്യുന്നതിനാൽ ഹൈവേകളിലുൾപ്പെടെ വൻ തിരക്കാണ്. ദശലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. അതിശക്തമായ കൊടുങ്കാറ്റിന് പുറമെ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. പല പ്രദേശങ്ങളിലും ചുവപ്പ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. റ്റാംപ, സെന്റ് പീറ്റേഴ്സ്ബർഗ്, ഒർലാൻഡോ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ സർവീസ് നിറുത്തി. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വിഷയമാണിതെന്നാണ് ജോ ബൈഡൻ അറിയിച്ചത്. രണ്ടാഴ്ച മുമ്പ് 'ഹെലൻ' ചുഴലിക്കാറ്റ് സൃഷ്ടിച്ച ആഘാതത്തിൽനിന്ന് കരകയറും മുമ്പാണ് മിൽട്ടൺ കര തൊടുന്നത്. 200ലധികം പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്.
കാറ്റഗറി 5 ൽ
മിൽട്ടൺ ചുഴലിക്കാറ്റ് കാറ്റഗറി 5 ൽ ഉൾപ്പെടുത്തി
പടിഞ്ഞാറൻ-മദ്ധ്യ ഫ്ലോറിഡയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റുകളിൽ ഒന്നായേക്കുമെന്ന് റിപ്പോർട്ട്
മണിക്കൂറിൽ 270 കിലോമീറ്റർ വേഗത്തിൽ അടിച്ചുകയറാൻ സാദ്ധ്യത
15 അടി ഉയരത്തിൽ തിരമാലകൾ ഉയർന്നേക്കും
13 മുതൽ 25 സെന്റീമീറ്റർ വരെ മഴ പെയ്തേക്കും
പ്രവചനാതീതമായ വെള്ളപ്പൊക്ക മുന്നറിയിപ്പ്
‘ഒഴിഞ്ഞുപോകുക അല്ലെങ്കിൽ മരിക്കും എന്ന് മുന്നറിയിപ്പ്
20 ദശലക്ഷത്തിലധികം പേരെ ബാധിച്ചേക്കും
തടവുകാരെ ഉൾപ്പെടെ മാറ്റിപ്പാർപ്പിച്ചു
ടാമ്പയിൽ നിന്ന് 675 മൈൽ (1,085 കിലോമീറ്റർ) തെക്ക് പടിഞ്ഞാറാണ് കൊടുങ്കാറ്റിന്റെ പ്രഭവ കേന്ദ്രം
യു.എസ് വിറപ്പിച്ച ചുഴലിക്കാറ്റുകൾ
1900 - ഗ്രേറ്റ് ഗാൽവെസ്റ്റൺ 1900 സെപ്റ്റംബർ 8ന് ടെക്സസിലെ ഗാൽവെസ്റ്റണിലേക്കാണ് യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായി മാറിയ ഗാൽവെസ്റ്റൺ ചുഴലിക്കാറ്റ് വീശിയടിച്ചത്. ഏറ്റവും വിനാശകാരിയായ അഞ്ചാമത്തെ അറ്റ്ലാൻഡിക് ചുഴലിക്കാറ്റായിരുന്നു ഇത്. മണിക്കൂറിൽ 135 മൈൽ വേഗതയിൽ വീശിയടിച്ച് കാറ്റഗറി 4 ആയിട്ടാണ് ഗ്രേറ്റ് ഗാൽവെസ്റ്റൺ കരയിലേക്ക് വീശിയത്. ഏകദേശം 7,000 കെട്ടിടങ്ങളാണ് ഗാൽവെസ്റ്റൺ തകർത്തത്. ഇതിൽ 3,636 എണ്ണം വീടുകളായിരുന്നു. 10,000ത്തിലേറെ മനുഷ്യർക്ക് വാസസ്ഥലം നഷ്ടമായി. 6,000 മുതൽ 12,000ത്തോളം പേർക്ക് ജീവൻ നഷ്ടമായെന്നാണ് കരുതുന്നത്.
1935 - ലേബർ ഡേ ചുഴലിക്കാറ്റ് ' ത്രീ " ചുഴലിക്കാറ്റ് എന്ന പേരിലും അറിയപ്പെടുന്നു. കരയിലേക്ക് ഏറ്റവും കൂടുതൽ മർദ്ദം ചെലുത്തി വീശിയ അറ്റ്ലാൻഡിക് ചുഴലിക്കാറ്റ്. മണിക്കൂറിൽ 185 മൈൽ വേഗതയിൽ കാറ്റഗറി 5 ചുഴലിക്കാറ്റായി ഫ്ലോറിഡയിലേക്കാണ് വീശിയടിച്ചത്. അതിശക്തമായ കാറ്റിൽ കെട്ടിടങ്ങൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. ഫ്ലോറിഡ ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ ഒരു ഭാഗം തകർന്നു. രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ട ഒരു ട്രെയിൻ പാളം തെറ്റിയിരുന്നു. ഹൈവേ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്ന 200 ലേറെ സൈനികർ കൊല്ലപ്പെട്ടു. ആകെ 423 പേർക്ക് ജീവൻ നഷ്ടമായെന്ന് കരുതുന്നു.
1954 - ഹേസൽ ചുഴലിക്കാറ്റ് യു.എസിൽ കനത്ത നാശം വിതയ്ക്കുക മാത്രമല്ല, കനേഡിയൻ പ്രവിശ്യയായ ഒന്റേറിയോയിൽ വീശിയടിച്ച ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റ് കൂടിയാണ് ഹേസൽ. ഹേസൽ ആദ്യമെത്തിയത് ഹെയ്തിയിലായിരുന്നു. അവിടെ 469 പേർ മരിക്കുകയും കോക്കോ, കോഫി കൃഷി വ്യാപകമായി നശിക്കുകയും ചെയ്തു. പിന്നാലെ വടക്കോട്ട് നീങ്ങിയ ഹേസൽ യു.എസിൽ 95 പേരുടെ മരണത്തിനിടയാക്കി. കനേഡിയൻ അതിർത്തി കടന്നതോടെ ഹേസൽ അതീവ ഗുരുതരമായി മാറി. 1954 ഒക്ടോബർ 15ന് ഹേസൽ ടൊറന്റോയിലെത്തി. കനത്ത മഴയിൽ നദികളും മറ്റും നിറഞ്ഞുകവിയുകയും പ്രളയമുണ്ടാവുകയും ചെയ്തു. കാനഡയിൽ മാത്രം നൂറിലേറെ പേർക്ക് ജീവൻ നഷ്ടമായിരുന്നു.
2005 - കത്രീന യു.എസിനെ വിറപ്പിച്ച ചുഴലിക്കാറ്റ്. ന്യൂഓർലിയൻസ് നഗരത്തിലെ ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങളെ ഒന്നടങ്കം താറുമാറാക്കി. 2005 ഓഗസ്റ്റിൽ വീശിയടിച്ച കത്രീന കാറ്റഗറി 5ൽ പെടുന്നതായിരുന്നു. പതിനായിരക്കണക്കിന് പേർ ഭക്ഷണവും വാസസ്ഥലവും വൈദ്യ സഹായവുമില്ലാതെ ദുരിതത്തിലായി. ഏകദേശം 125 ബില്യൺ ഡോളറിന്റെ നാശനഷ്ടമാണ് കത്രീന വരുത്തിവച്ചത്. ആകെ 1,836 പേർ കത്രീന ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചെന്നാണ് കണക്ക്.
2012 സാന്റി മഴയും ശക്തമായ കാറ്റും മാത്രമല്ല, മഞ്ഞ് വീഴ്ചയ്ക്കും സൂപ്പർസ്റ്റോം വിഭാഗത്തിൽപ്പെടുന്ന സാന്റി കാരണമായി. 2012 ഒക്ടോബർ അവസാനം എത്തിയ സാന്റി ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കിയത്. തെരുവുകളും സബ്വേ ടണലുകളും വെള്ളത്തിൽ മുങ്ങി. മിക്കയിടത്തും വൈദ്യുത ബന്ധം നിശ്ചലമായി. 24 യു.എസ് സംസ്ഥാനങ്ങളെയും എട്ട് രാജ്യങ്ങളെയുമാണ് സാന്റി ബാധിച്ചത്. യു.എസിൽ 233 പേരാണ് മരിച്ചത്.