ഓൺലൈൻ ട്രേഡിംഗിന്റെ മറവിൽ ലക്ഷങ്ങൾ തട്ടി; സഹോദരങ്ങൾ അറസ്റ്റിൽ

Thursday 10 October 2024 1:22 AM IST

ആറ്റിങ്ങൽ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ സഹോദരങ്ങളെ പൊലീസ് പിടികൂടി. നെയ്യാറ്റിൻകര മണലൂർ ചരൽക്കല്ലുവിള വിഷ്ണുഗോപാൽ(30), വിവേക് (27) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്. 2021ൽ ആലങ്കോടുള്ള റിട്ട. ഗവ. ജീവനക്കാരനായ ഷാഹുൽ ഹമീദിൽ നിന്നും ഫോറസ്റ്റ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഇടനിലയിൽ 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ 2024 മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിയവെയാണ് ഇവർ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് ഇൻസ്‌പെക്ടർ ഗോപകുമാർ. ജിയുടെ നിർദ്ദേശാനുസരണം എസ്.ഐ ജിഷ്ണു.എം.എസ്, ബിജു ഹക്ക്, എ.എസ്.ഐ ജിഹാനിൽ ഹക്കിം, എസ്.സി.പി.ഒ അരുൺ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നെയ്യാറ്റികരയിലും പരിസരങ്ങളിലും സമാനകേസുകൾ ഇവർക്കെതിരെയുണ്ടെന്നും വിഷ്ണുഗോപാൽ നെയ്യാറ്റികര പൊലീസ് ‌സ്റ്റേഷനിലെ ഒരു വധശ്രമ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.