ടാറ്റ സഹായിച്ചു, ദമ്പതികൾ പടുത്തുയ‌ർത്തി "കരോ' സ്വപ്നം

Thursday 10 October 2024 2:07 AM IST

മുംബയ്: സ്റ്റാർട്ടപ്പ് ആശങ്ങളുണ്ടെങ്കിലും അതെങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നറിയാതെ വലയുന്നവരാണ് യുവാക്കൾ. അങ്ങനെ ദമ്പതികളായ പുതു സംരംഭകരെ ടാറ്ര കൈപിടിച്ചുയർത്തിയ കഥയാണ് ഇന്ന് ലോകത്ത് തരംഗമായി മാറിയ 'ക്യാഷ് കരോ"യ്ക്ക് പിന്നിലുള്ളത്.

സ്വാതി, രോഹൻ ഭാഗവ എന്നീ രണ്ട് പേരെ സഹായിച്ചത് രത്തൻ ടാറ്റയാണ്. സ്വാതിയും, രോഹനും ഏറെ നാളത്തെ പ്രണയത്തിനുശേഷം വിവാഹിതരായവരാണ്. 2009ൽ സ്വാതി ഒരു ക്യാഷ് ബാക്ക് വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തു. ഇതിലൂടെ വലിയ ഒരു തുക സേവ് ചെയ്തു. ഇത് പ്രചോദനമാവുകയും, ക്യാഷ് ബാക്ക് നൽകുന്ന ഒരു പ്ലാറ്റ്‌ഫോം സ്വന്തമായി വികസിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

2011ൽ ഇരുവരും പൗറിംഗ് പൗണ്ട്സ് എന്ന പേരിൽ വെബ്സൈറ്ര് ആരംഭിച്ചു. ഏറെ നാൾ കഴിഞ്ഞ് ഇന്ത്യയിൽ ക്യാഷ് കരോ എന്ന പേരിൽ ഒരു പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചു.

രത്തൻ ടാറ്റയുടെയും, കലാരി ക്യാപിറ്റലിന്റെയും നിക്ഷേപം നേടിയെടുക്കാൻ കഴിഞ്ഞതോടെ ബിസിനസ് വഴി മാറി. തരംഗമായി.

ഇന്ന്, ഇന്ത്യയിലെ ഏറ്റവും വലിയ ക്യാഷ്ബാക്ക് കൂപ്പൺ സൈറ്റാണ് ക്യാഷ് കരോ. വിവിധ വിഭാഗങ്ങളിലായി 1500ൽ അധികം സൈറ്റുകളാണ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമായുള്ളത്. എക്സ്‌ക്ലൂസീവ് കൂപ്പണുകൾ, ക്യാഷ് ബാക്കുകൾ, ഡിസ്‌കൗണ്ടുകൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാക്കിയിരിക്കുന്നു.