ജനറൽ ആശുപത്രിയിൽ ഡോക്ടർമാരില്ല, ദുരിതത്തിൽ രോഗികൾ

Thursday 10 October 2024 2:21 AM IST

തൃശൂർ: ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന നഗരമദ്ധ്യേയുള്ള ജില്ലാ ജനറൽ ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിൽ ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾക്ക് ദുരിതം. ഡെർമറ്റോളജി, ഒഫ്താൽമോളജി, ഗൈനക്കോളജി, ഓർത്തോ വിഭാഗങ്ങളിലാണ് കൂടുതൽ ദുരിതം. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉണ്ടെങ്കിലും ചികിത്സിക്കാൻ ഡോക്ടറില്ലാത്തതാണ് പ്രശ്നം. ഇതുമൂലം രോഗികളും കൂടെ വരുന്നവരും ജീവനക്കാരും തമ്മിൽ വാക്കുതർക്കങ്ങളും പതിവാണ്. മരുന്നു വിതരണത്തിന് ആവശ്യമായ കൗണ്ടറുകൾ ഇല്ലാത്തതും ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.

ഡോക്ടർമാരെ വേഗം കണ്ടാലും മരുന്ന് കിട്ടി പുറത്തുകടക്കണമെങ്കിൽ മണിക്കൂറുകൾ ചെലവഴിക്കണം. പരാതികൾ കൂടിയതോടെ പുതിയ കൗണ്ടറുകൾ എത്രയും പെട്ടന്ന് തുറക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കോർപറേഷന്റെ കീഴിലുള്ള ആശുപത്രിയായിട്ടും കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് ആക്ഷേപം. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഡയാലിസിസ് യന്ത്രങ്ങൾ തകരാറിലായത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്ന് നാലു പുതിയ യന്ത്രങ്ങൾ കൂടി സ്ഥാപിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

ത്വക്ക് രോഗ വിഭാഗം ഒ.പി ആഴ്ചയിൽ രണ്ട് ദിവസം

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും പ്രവർത്തിച്ചിരുന്ന ത്വക് രോഗ വിഭാഗം ഡോക്ടർമാർ ഇല്ലാത്തതിനെത്തുടർന്ന് ഒ.പി ആഴ്ചയിൽ രണ്ടുദിവസമാക്കി. ദിവസവും 150 ലേറെ രോഗികൾ ചികിത്സ തേടിയെത്തിരുന്നു. ഉണ്ടായിരുന്ന ഡോക്ടർ സ്ഥലംമാറിപ്പോയതോടെ മറ്റൊരാളെ പോസ്റ്റ് ചെയ്‌തിരുന്നു. പുതിയ ഡോക്ടറും അവധിയെടുത്തതോടെ കൊരട്ടിയിൽ നിന്നുള്ള മറ്റൊരു ഡോക്ടറാണ് ആഴ്ചയിൽ രണ്ടുദിവസം ഒ.പിയിലെത്തുന്നത്.

ഒഫ്താൽമോളജി വിഭാഗത്തിലും ഡോക്ടർമാരുടെ കുറവുണ്ട്. ഗൈനക്കോളജി വിഭാഗത്തിലും ഏറെ നാളായി ഡോക്ടർമാർ കുറവാണ്. സാധാരണക്കാരായ നൂറുക്കണക്കിന് സ്ത്രീകളാണ് പ്രസവസംബന്ധമായ കാര്യങ്ങൾക്കായി ആശുപത്രിയിലെത്തുന്നത്. സ്വകാര്യ ആശുപത്രികളിൽ പതിനായിരക്കണക്കിന് രൂപ വരുന്ന ശസ്ത്രക്രിയ ഉൾപ്പെടെയുള്ള കാര്യങ്ങൾ വളരെ ചുരുങ്ങിയ ചെലവിൽ ഇവിടെ നടത്താം.

ഓർത്തോ വിഭാഗത്തിലും ദുരിതം ഓർത്തോ വിഭാഗത്തിൽ രണ്ട് ഡോക്ടർമാരിൽ ഒരാളെ ഡെപ്യൂട്ടേഷനിൽ ചാവക്കാട്ടേക്ക് സ്ഥലം മാറ്റിയതോടെ അദ്ദേഹത്തിന്റെ സേവനം ആഴ്ചയിൽ രണ്ട് ദിവസം മാത്രമേ ജനറൽ ആശുപത്രിയിൽ ലഭിക്കുന്നുള്ളൂ. മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തിയാണ് മുന്നോട്ടുപോകുന്നത്. നേരത്തെ 250 പേർ ഒ.പിയിലെത്തിയിരുന്നു. ഡോക്ടർമാർ കുറഞ്ഞതിനാൽ 200 പേർക്ക് മാത്രമാണ് ഇപ്പോൾ ചികിത്സ ലഭിക്കുന്നത്.

ഒ.പി ടിക്കറ്റെടുക്കുന്നവർക്ക് ആശ്വാസം

ഒ.പി ടിക്കറ്റെടുക്കാൻ ടോക്കൺ സമ്പ്രദായം വന്നത് രോഗികൾക്ക് ഏറെ ആശ്വാസമാണ്. നേരത്തെ പ്രായമായവർ വരെ മണിക്കൂറുകളോളം ക്യൂ നിന്നാണ് ടോക്കൺ എടുത്തിരുന്നത്. എന്നാൽ ഒ.പി ടിക്കെറ്റ് എടുക്കാൻ വരുന്നവർക്ക് ടോക്കൺ നൽകുകയും രാവിലെ എട്ട് മുതൽ ഒ.പി ടിക്കറ്റ് നൽകുകയാണ് ചെയ്യുന്നത്. ടോക്കൺ അനുസരിച്ചാണ് ആളുകളെ വിളിക്കുക. അതുവരെ വിശ്രമിക്കാനുള്ള സൗകര്യവുമുണ്ട്.

  • ജനറൽ ആശുപത്രിയിൽ ദിനം പ്രതി ഒ.പിയിലെത്തുന്നത്: 2500 - 3000