രത്തൻ ടാറ്റയുടെ സംസ്‌കാരം ഇന്ന്, ചടങ്ങിൽ അമിത് ഷാ അടക്കമുള്ളവർ പങ്കെടുക്കും; വൈകിട്ട് നാല് വരെ പൊതുദർശനം
മുംബയ്: പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്‌കാരം ഇന്ന് നടക്കും. ഭൗതിക ശരീരം അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് വിലാപയാത്രയായി നാഷണൽ സെന്റർ ഫോർ പെർഫോർമിംഗ് ആർട്സിലേക്ക് കൊണ്ടുപോയി. വൈകിട്ട് നാല് മണിവരെ ഇവിടെ പൊതുദർശനത്തിന് വയ്ക്കും.
ഭൗതിക ശരീരം നാല് മണിയോടെ വോർളിയിലെ പാർസി ശ്മശാനത്തിൽ എത്തിക്കും. ഇരുന്നൂറോളം പേർക്കിരിക്കാവുന്ന പ്രാർത്ഥനാ ഹാളിൽ മൃതദേഹം സൂക്ഷിക്കും. 45 മിനിറ്റോളം ഇവിടെ പ്രാർത്ഥന നടക്കും. തുടർന്ന് സംസ്‌കാരം നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. രത്തൻ ടാറ്റയ്ക്ക് അന്തിമോപചാരം അർപ്പിക്കാനായി മുകേഷ് അംബാനി, അനന്ദ് അംബാനി, ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി, ആദിത്യ ബിർല ഗ്രൂപ്പ് ചെയർപേഴ്സൺ കുമാർ മംഗലം ബിർല, ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ്, വ്യവസായികളായ ഗൗതം അദാനി, അനന്ദ് മഹീന്ദ്ര, ബാബ രാംദേവ് അടക്കമുള്ള പ്രമുഖർ എത്തും.
മരണ വിവരം അറിഞ്ഞയുടൻ തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ദീപക് കേസാർകർ, മുകേഷ് അംബാനി അടക്കമുള്ളവർ ആശുപത്രിയിലേക്ക് എത്തിയിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ളവർ വീട്ടിലെത്തി രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രത്തൻ ടാറ്റയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുമെന്നും ഇന്ത്യാ ഗവൺമെന്റിന് വേണ്ടി ആദരാഞ്ജലി അർപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മഹാരാഷ്‌ട്ര സർക്കാർ സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്..
ഇന്നലെ രാത്രി മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ആയിരുന്നു രത്തൻ ടാറ്റയുടെ അന്ത്യം. വാർദ്ധക്യത്തിന്റെ അവശതകൾ കാരണം തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശങ്ക വേണ്ടെന്നും പതിവ് മെഡിക്കൽ ചെക്കപ്പ് ആണെന്നും തിങ്കളാഴ്ച അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ അറിയിച്ചിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് ഇന്റൻസിവ് കെയർ യൂണിറ്റിലേക്ക് മാറ്റി. രാഷ്‌ട്രം പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.