ദീപു എത്തിയത് കാമുകനെക്കുറിച്ച് രഹസ്യ വിവരം പറയാനുണ്ടെന്ന് പറഞ്ഞ്; റൂംമേറ്റ് ഉറങ്ങിയതോടെ യുവതിയെ ബലാത്സംഗം ചെയ്‌തു
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിവിൽ സർവീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. യുവതിയുടെ കാമുകന്റെ സുഹൃത്താണ് കേസിലെ പ്രതിയായ ദീപു.
യുവതിക്ക് ഇയാളെ അറിയാം. കാമുകനെക്കുറിച്ച് രഹസ്യ വിവരം പറയാനുണ്ടെന്ന് പറഞ്ഞാണ് ഇയാൾ യുവതി താമസിക്കുന്ന കുളത്തൂരിലെ അപ്പാർട്ട്‌മെന്റിലെത്തിയത്. അതും രാത്രി പതിനൊന്നുമണിയോടെ. ഈ സമയം സുഹൃത്തായ മറ്റൊരു പെൺകുട്ടിയും അപ്പാർട്ട്‌മെന്റിലുണ്ടായിരുന്നു. ഈ പെൺകുട്ടി ഉറങ്ങിയ ശേഷമാണ് തന്നെ ദീപു പീഡിപ്പിച്ചതെന്നാണ് പരാതിയിലുള്ളത്.
ബലമായി മദ്യം നൽകുകയും തുടർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ ദീപു മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു. തുടർന്ന് അവിടെ നിന്ന് സ്ഥലം വിട്ടു. യുവതി പൊലീസിൽ പരാതി നൽകിയതോടെ ഇയാൾ സംസ്ഥാനം വിട്ടെന്നാണ് സൂചന. യുവതിയും പ്രതിയും മലയാളികളാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.