ഉത്തരംപറഞ്ഞില്ല, കൊച്ചിയിൽ നഴ്‌സറി വിദ്യാർത്ഥിക്ക് അദ്ധ്യാപികയുടെ ക്രൂരമർദനം

Thursday 10 October 2024 4:02 PM IST

കൊച്ചി: കൊച്ചിയിൽ മൂന്നുവയസുകാരന് അദ്ധ്യാപികയുടെ ക്രൂര മർദനമേ​റ്റതായി പരാതി. കൊച്ചി മട്ടാഞ്ചേരിയിൽ പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് പ്ലേസ്കൂൾ വിദ്യാർത്ഥിക്ക് ക്രൂരമർദനം ഏൽക്കേണ്ടിവന്നത്.

ചൂരൽ കൊണ്ടുള്ള അടിയേറ്റ് കുഞ്ഞിന്റെ പുറത്ത് നിരവധി പരിക്കുകളുണ്ട്. ക്ലാസ് മുറിയിൽവച്ച് താൻ ചോദിച്ച ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം പറഞ്ഞില്ലെന്നാരോപിച്ചായിരുന്നു മർദനം. കുട്ടിയെ തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. കുട്ടി ആശുപത്രിയിൽ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് അദ്ധ്യാപിക സീതാലക്ഷ്മിയെ പൊലീസ് അറസ്റ്റുചെയ്തു.

ഇന്നലെയായിരുന്നു സംഭവം നടന്നത്. ഇന്നലെത്തന്നെ പൊലീസ് സ്റ്റേഷനിലെത്തിയ രക്ഷിതാക്കൾ ഇന്നാണ് മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ അദ്ധ്യാപികയെ സ്കൂൾ അധികൃതർ സസ്‌പെൻഡുചെയ്തിരുന്നു.