ആയിരങ്ങളുടെ ആദരവേറ്റുവാങ്ങി മടക്കം, രത്തൻ ടാറ്റയുടെ ഭൗതികശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

Thursday 10 October 2024 6:13 PM IST

മുംബയ്: ലോകമാകെയുള്ള കോടിക്കണക്കിന് ജനങ്ങളുടെ ആദരവേറ്റുവാങ്ങി വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്‌ക്ക് വിട. നാല്മണിവരെ മുംബയിലെ നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സ് പരിസരത്ത് പൊതുജനങ്ങൾ അദ്ദേഹത്തിന് ആദരവർപ്പിച്ചു. ശേഷം ഭൗതികശരീരം വ‌ർളിയിലെ വൈദ്യുതിശ്‌മശാനത്തിൽ എത്തിച്ചു. പാഴ്‌സി ആചാരപ്രകാരം സംസ്‌കാരം നടന്നു. പൂർണ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം. 21 ഗൺ സല്യൂട്ടോടെയായിരുന്നു രാജ്യം അദ്ദേഹത്തെ അവസാനമായി യാത്രയാക്കിയത്. അവസാനമായി ഒരുനോക്ക് കാണാൻ ഇവിടെയും ആയിരങ്ങളാണ് എത്തിച്ചേർന്നത്. വലിയ പൊലീസ് സന്നാഹം തന്നെ സ്ഥലത്ത് ഉണ്ടായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,​ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ എന്നിവരടക്കം നിരവധി രാഷ്‌ട്രീയ,​ സാമൂഹിക,​ വ്യവസായ,​ സിനിമ മേഖലയിലെ പ്രമുഖർ രത്തൻ ടാറ്റയ്‌ക്ക് ആദരവർപ്പിക്കാൻ എത്തിയിരുന്നു. മരണ വിവരം അറിഞ്ഞയുടൻ തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ദീപക് കേസാർകർ, മുകേഷ് അംബാനി അടക്കമുള്ളവർ ആശുപത്രിയിലേക്ക് എത്തിയിരുന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ളവർ വീട്ടിലെത്തി രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രത്തൻ ടാറ്റയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുമെന്നും ഇന്ത്യാ ഗവൺമെന്റിന് വേണ്ടി ആദരാഞ്ജലി അർപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ രാത്രി മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ആയിരുന്നു 86കാരനായ രത്തൻ ടാറ്റയുടെ അന്ത്യം. വാർദ്ധക്യത്തിന്റെ അവശതകൾ കാരണം തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശങ്ക വേണ്ടെന്നും പതിവ് മെഡിക്കൽ ചെക്കപ്പ് ആണെന്നും തിങ്കളാഴ്ച അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ അറിയിച്ചിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് ഇന്റൻസിവ് കെയർ യൂണിറ്റിലേക്ക് മാറ്റി. രാഷ്ട്രം പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.